അന്റാർട്ടിക്കയിലേക്കുള്ള പര്യവേക്ഷണങ്ങളിൽ വളരെ പ്രശസ്തമായ ഒരു പേരാണ് ഏർണസ്റ്റ് ഷാക്കിൾട്ടൻ. അദ്ദേഹം അന്റാർട്ടിക്കയിലേക്കു യാത്ര പുറപ്പെട്ട, പിന്നീട് കടലിൽ തകർന്നുമുങ്ങിയ എൻഡുറൻസ് എന്ന കപ്പലിന്റെ ശേഷിപ്പുകളുടെ ത്രിഡി ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. കപ്പലിൽ പണ്ട് ഉപയോഗിച്ചിരുന്ന പ്ലേറ്റുകൾ, നാവിക സംഘത്തിന്റെ ബൂട്ട് തുടങ്ങിയ സാമഗ്രികളുടെ വരെ ദൃശ്യങ്ങൾ ത്രിമാന ചിത്രത്തിലുണ്ട്. ദക്ഷിണധ്രുവം കടന്ന് അന്റാർട്ടിക്കയ്ക്ക് കുറുകെ ആദ്യ ‘കരയാത്ര’ നടത്താൻ ആഗ്രഹിച്ച വിഖ്യാത സാഹസികനായിരുന്നു ബ്രിട്ടിഷ് -ഐറിഷ് പര്യവേക്ഷകനായ സർ ഏർണസ്റ്റ് ഷാക്കിൾടൻ. എന്നാൽ ലക്ഷ്യം നേടാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. വിഖ്യാത പര്യവേക്ഷകനായ ജയിംസ് കുക്കാണ് അന്റാർട്ടിക് സർക്കിൾ ആദ്യമായി കടന്നത്. എച്ച്എംഎസ് റസല്യൂഷൻ, അഡ്വഞ്ചർ എന്നീ കപ്പലുകളിലായിരുന്നു ആ കടക്കൽ.
പാറക്കെട്ടുകളും ഐസ് നിറഞ്ഞ ചില സ്ഥലങ്ങളുമൊക്കെ കണ്ടെങ്കിലും അന്റാർട്ടിക്കയുടെ യഥാർഥ ഭൂഭാഗം കാണാൻ കുക്കിനു സാധിച്ചില്ല. എന്നാൽ അങ്ങനെയൊരു ഭൂഖണ്ഡം അവിടെയുണ്ടെന്ന ശക്തമായ അഭ്യൂഹത്തിന് ഇതിടവച്ചു.1820 ജനുവരി 28നാണ് അന്റാർട്ടിക വൻകര ആദ്യമായി മനുഷ്യദൃഷ്ടിയിൽ പതിയുന്നത്. വോസ്റ്റോക്, മിർനി എന്നീ റഷ്യൻ കപ്പലുകളിൽ യാത്ര ചെയ്തവരായിരുന്നു ആദ്യമായി അന്റാർട്ടിക്ക കണ്ടത്.1895 ജനുവരി 24നു അന്റാർട്ടിക് എന്ന കപ്പലിലെത്തിയ ഹെൻറിക് ബുള്ളാണ് അന്റാർട്ടിക്കയിൽ ആദ്യമായി കാലുകുത്തിയത്. വൻകരയിലെ കേപ് അഡാരെ എന്ന സ്ഥലത്തായിരുന്നു ഇത്. ഇതിനു ശേഷം അന്റാർട്ടിക വലിയൊരു ക്രേസായി പാശ്ചാത്യലോകത്ത് മാറി. അന്റാർട്ടിക്കയിൽ പോകുക എന്നത് ഇന്നത്തെ കാലത്ത് സ്‌പേസിൽ പോകുക എന്നതിനു തുല്യമായ കാര്യമായിരുന്നു, ഒരുപക്ഷേ അക്കാലത്തെ പരിമിതമായ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ആ പ്രവൃത്തി സ്‌പേസിൽ പോകുന്നതിലും ദുർഘടമായിരുന്നു.
അന്റാർട്ടിക് യാത്രകളുടെ ഈ വീരസുവർണയുഗത്തിലെ അവസാന യാത്രയായിരുന്നു എൻഡുറൻസിന്റേത്. ഷാക്കിൾടണിന്റെ രണ്ടാമത്തെ അന്റാർട്ടിക്ക ലക്ഷ്യം വച്ചുള്ള യാത്രയും. ഷാക്കിൾടൻ ഉൾപ്പെടെ 27 ക്രൂ അംഗങ്ങൾ കപ്പലിലുണ്ടായിരുന്നു. അന്റാർട്ടിക്കയുടെ വടക്ക് വെഡൽ കടൽതീരത്തെത്തുക. അവിടെ നിന്നു കാൽനടയായി അന്റാർട്ടിക്കയ്ക്കു കുറുകെ ദക്ഷിണധ്രുവത്തിലൂടെ നടന്ന് അന്റാർട്ടിക്കയുടെ തെക്കേയറ്റത്തുള്ള റോസ് കടൽതീരത്തെത്തുക. അന്റാർട്ടിക്കയ്ക്കു കുറുകെ നടന്ന ആദ്യ യാത്രാസംഘമെന്ന പെരുമ സ്വന്തമാക്കി റോസ് കടലിലെ കപ്പലിലേറി തിരിച്ചു പോകുക. ഇതായിരുന്നു പദ്ധതി.കപ്പൽ അന്റാർട്ടിക് വൃത്തം കടന്നു ഭൂഖണ്ഡത്തിനടുത്തേക്ക് സഞ്ചരിച്ചു. അതുവരെ അനുകൂലമായിരുന്ന യാത്ര പെട്ടെന്നാണു പ്രതികൂലമായി തിരിഞ്ഞത്. അന്റാർട്ടിക്കയ്ക്കു ചുറ്റുമുള്ള ഐസ് നിക്ഷേപത്തിൽ കപ്പൽ ഉറച്ചു. കുറച്ചുദിവസങ്ങൾ കൂടിക്കഴിഞ്ഞിരുന്നെങ്കിൽ കപ്പൽ അന്റാർട്ടിക്കയിലെത്തിയേനെ. പക്ഷേ ദൗർഭാഗ്യം ഷാക്കിൾടനിനെയും എൻഡുറൻസിനെയും വേട്ടയാടി.
ഒൻപതു മാസത്തോളം കടുത്ത മഞ്ഞുകാലം ഉടലെടുത്തു. ചോക്കോബാറിൽ അണ്ടിപ്പരിപ്പ് ഉറയ്ക്കുന്നതുപോലെ കപ്പൽ ഉറച്ചു. ഒൻപതുമാസത്തോളം യാത്രികർ കപ്പലിൽ തന്നെ കഴിഞ്ഞു. ഒടുവിലത് മുങ്ങാൻ തുടങ്ങിയപ്പോൾ അവർ ഒരു ഐസ് പാളിയിലേക്കു താമസം മാറ്റി. മഞ്ഞൊന്നൊഴിഞ്ഞപ്പോൾ ലൈഫ്‌ബോട്ടുകൾ ഉപയോഗിച്ച് ഒരു ദ്വീപിലെത്തി. ഇതിനിടെ ഷാക്കിൾട്ടൻ ഒരുബോട്ടിലേറി കിലോമീറ്റർ അപ്പുറമുള്ള തിമിംഗലവേട്ട നടക്കുന്ന ഒരു സ്ഥലത്തുപോയി. അവിടെ നിന്നു സഹായികളെ കൂട്ടിവന്നു. കൂട്ടാളികളെ രക്ഷിച്ചു. മൂന്നുപേർ എന്നിട്ടും മരിച്ചിരുന്നു. ദൗത്യം പരാജയപ്പെട്ടെങ്കിലും മികച്ച ഒരു നേതാവായാണു ഷാക്കിൾട്ടൻ വിലയിരുത്തപ്പെടുന്നത്. അപകടത്തിൽ പെട്ടെങ്കിലും സ്വയം രക്ഷപ്പെടാൻ അവസരമുണ്ടായിട്ടും അതിനു ശ്രമിക്കാതെ തന്റെ കൂടെ വന്നവരെ രക്ഷിക്കാൻ അദ്ദേഹം കാട്ടിയ ധീരത ശ്ലാഘനീയമാണെന്നു പിൽക്കാലത്തു പലരും പറഞ്ഞിട്ടുണ്ട്. ബോസ് എന്നു ക്രൂ അംഗങ്ങൾ ഷാക്കിൾട്ടനെ സ്‌നേഹപൂർവം വിളിച്ചിരുന്നു. അവർക്ക് അദ്ദേഹത്തോട് വലിയ സ്‌നേഹാദരങ്ങൾ ഉണ്ടായിരുന്നു. 2002ലാണ് കടലിന് അടിത്തട്ടിൽ നിന്ന് എൻഡുറൻസ് കപ്പൽ വീണ്ടും കണ്ടെത്തിയത്.
STORY HIGHLLIGHTS: ernest-shackleton-endurance-shipwreck-3d-images