Kerala

ട്രെയിനിൽ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ | Sexual assault in a train: Young man arrested

കാസർകോട്: ട്രെയിൻ യാത്രക്കാരിയായ മെഡിക്കൽ വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ കാസർകോട് ബെള്ളൂർ നാട്ടക്കൽ ബിസ്മില്ലാ ഹൗസിൽ ഇബ്രാഹിം ബാദുഷ (28) കാസർകോട് റെയിൽവേ പൊലീസിന്റെ പിടിയിലായി.

ചെന്നൈയിൽനിന്നു മംഗളൂരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ സ്ലീപ്പർ കോച്ചിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. ട്രെയിൻ നീലേശ്വരത്ത് എത്തിയപ്പോൾ യുവാവ് വിദ്യാർഥിനിയെ കടന്നുപിടിച്ചെന്നാണു പരാതി. യുവാവിന്റെ കൈ തട്ടിമാറ്റിയ പെൺകുട്ടിയും കൂടെയുള്ളവരും ബഹളംവച്ചു. ട്രെയിനിൽ ഉണ്ടായിരുന്ന പൊലീസിനെ വിവരം അറിയിച്ചു.

ട്രെയിൻ കാഞ്ഞങ്ങാട്ട് എത്തിയപ്പോൾ പ്രതി കോച്ച് മാറിക്കയറി. മറ്റൊരു കോച്ചിൽനിന്നാണു പ്രതിയെ പിടികൂടിയത്. പ്രതിയുമായി കാസർകോട്ട് ഇറങ്ങുന്നതിനിടെ ഓടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്നു പിടികൂടി. പ്രതിയെ റിമാൻഡ് ചെയ്തു.