തിരുവനന്തപുരം: മൂന്നു മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ ഇടതുമുന്നണി ഉടൻ പ്രഖ്യാപിക്കും. സിപിഎം മത്സരിക്കുന്ന പാലക്കാട് ,ചേലക്കര മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ സംബന്ധിച്ച ഏകദേശം ധാരണ പാർട്ടിക്കുള്ളിൽ ഉണ്ടായിട്ടുണ്ട്. പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട്ടിൽ ആരെ മത്സരിപ്പിക്കണമെന്ന ആലോചന സിപിഐയിൽ തകൃതിയായി നടക്കുകയാണ്.
വയനാട്, ചേലക്കര, പാലക്കാട്, മൂന്നു ഉപതെരഞ്ഞെടുപ്പുകൾ, ഇതിൽ ഒരു സിറ്റിംഗ് സീറ്റ്. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിവിധ വിഷയങ്ങൾ ഉയർന്നു വരുന്ന പശ്ചാത്തലത്തിൽ മൂന്നു തെരഞ്ഞെടുപ്പുകളും ഇടതുമുന്നണിക്ക് നിർണായകമാണ്. ചേലക്കര, പാലക്കാട് സ്ഥാനാർഥികളെ തീരുമാനിക്കേണ്ടത് സിപിഎം. പ്രാഥമിക ചർച്ചകൾ ഇതിനോടകം തന്നെ പൂർത്തിയായി. ചേലക്കരയിൽ മുന് എംഎൽഎ, യു ആർ പ്രദീപിനെ മത്സരിപ്പിക്കാൻ ആണ് സിപിഎമ്മിന്‍റെ നീക്കം. തൃശൂർ ജില്ലാ കമ്മിറ്റിക്കും ഇതാണ് അഭിപ്രായം. മറ്റു പേരുകൾ പാർട്ടി നേതൃത്വത്തിന്‍റെ പരിഗണനയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മൂന്നാം സ്ഥാനത്ത് പോയ പാലക്കാട് മണ്ഡലത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബിനുമോളെ മത്സരിപ്പിക്കാൻ ആണ് സിപിഎം ആലോചിക്കുന്നത്.
മറ്റുചില പേരുകളും പാർട്ടിയുടെ പരിഗണനയിലുണ്ട്. സിപിഎം സ്ഥാനാർഥികളുടെ കാര്യത്തിൽ ഇന്നൊരു ധാരണ ഉണ്ടായേക്കും. വയനാട് മണ്ഡലത്തിലെ സിപിഐ സ്ഥാനാർഥിയെ സംബന്ധിച്ച് വിവിധ ചർച്ചകളാണ് പാർട്ടിയിൽ നടക്കുന്നത്. വയനാട് മണ്ഡലം ഉൾപ്പെടുന്ന വിവിധ ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം തേടിയ ശേഷം നാളെയോടെ സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും എന്നാണ് സൂചന. സത്യൻ മൊകേരി, ഇ എസ് ബിജിമോൾ, പി വസന്ത, ജിസ്മോൻ അടക്കമുള്ളവരുടെ പേരുകൾ പരിഗണനയിൽ ഉണ്ടെന്നാണ് വിവരം. മുന്നണി സ്ഥാനാർത്ഥികളെ ഒരുമിച്ച് ഇന്നോ നാളെയോ പ്രഖ്യാപിക്കാം എന്നാണ് നേതൃത്വത്തിൽ ഉണ്ടായിരിക്കുന്ന ധാരണ. യുഡിഎഫ് ഇതിനോടകം സ്ഥാനാർഥികളെ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ അധികം വൈകേണ്ടതില്ല എന്ന അഭിപ്രായം മുന്നണി നേതൃത്വത്തിലുണ്ട്.