പാലക്കാട്: കഴിഞ്ഞ ദിവസമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര, പാലക്കാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ പാലക്കാട് മുൻ എംപി കൂടിയായ രമ്യ ഹരിദാസുമാണ് സ്ഥാനാർഥികൾ. രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞ വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയാണ് സ്ഥാനാർഥി.
എന്നാൽ പാലക്കാട് സ്ഥാനാർഥി നിർണയത്തിൽ അതൃപ്തിയിലാണ് സോഷ്യൽ മീഡിയ ചെയർമാൻ പി.സരിൻ. കെ.മുരളീധരന്‍, പി.സരിന്‍ എന്നിവരുടെ പേരുകളാണ് സാധ്യത പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാല്‍ രാഹുലിന് നറുക്ക് വീഴുകയായിരുന്നു. വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിർന്ന നേതാക്കൾ അവഗണിച്ചെന്നാണ് ആക്ഷേപം. ഇന്ന് രാവിലെ 11.30 ന് സാറിന് മാധ്യമങ്ങളെ കാണും. പാലക്കാട് മത്സരിക്കാനും സാധ്യതയുണ്ട്. ഇടതുപക്ഷവുമായി ചർച്ച നടത്തിയെന്നാണ് സൂചന. പദവികൾ രാജിവയ്ക്കാനും സാധ്യതയുണ്ട്.
ഷാഫി പറമ്പിൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വാശിയേറിയ തെരഞ്ഞെടുപ്പിനാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്.യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് മണ്ഡലത്തിലെ മുൻ എംഎൽഎയായ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാലക്കാട് ഡിസിസിയിൽ അതൃപ്തി ഉടലെടുക്കുകയായിരുന്നു. പിന്നാലെ പ്രതിപക്ഷ നേതാവടക്കം രാഹുലിനെ പിന്തുണച്ചതോടെയാണ് പാലക്കാട് രാഹുലിന് കളമൊരുങ്ങുന്നത്.
content highlight: p-sarin-congress-cpm-palakkad