വ്യാപര രംഗത്ത് വിപ്ലവം സൃഷ്ടിക്കാനും വിപണി സാധ്യത വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് കൂടുതല്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കസ്റ്റംസ് ക്ലിയറന്‍സ്, കണ്ടെയ്നര്‍ ഗതാഗതം, വെയര്‍ഹൗസിങ്, സ്റ്റോറേജ് പാക്കിങ്, ലേബലിങ് മുതലായ ഒട്ടനവധി സേവനങ്ങള്‍ ലോജിസ്റ്റിക് പാര്‍ക്കുകളിലൂടെ ലഭ്യമാകുമെന്നും മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്തെ റോഡ് ശൃംഖലയും റെയില്‍, ജലഗതാഗതം എന്നിവയുടെ ആനുകൂല്യങ്ങളും വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളുടെ സാന്നിധ്യവും ലോജിസ്റ്റിക് മേഖലയ്ക്ക് അനുകൂല ഘടകമാണ്. ലോജിസ്റ്റിക് മേഖലയുടെ വികസനത്തിനും ഈ മേഖലയിലെ നിക്ഷേപ സാധ്യതകളും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് സര്‍ക്കാര്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് പോളിസി തയ്യാറാക്കിയത്. ഇതുപ്രകാരം പത്തേക്കര്‍ ഭൂമിയില്‍ ലോജിസ്റ്റിക്സ് പാര്‍ക്കുകളും അഞ്ചുമുതല്‍ പത്തേക്കര്‍ ഭൂമിയില്‍ മിനി ലോജിസ്റ്റിക് പാര്‍ക്കുകളും നിര്‍മിക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും. സ്വകാര്യ മേഖലയിലോ അല്ലെങ്കില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെയൊ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ലോജിസ്റ്റിക്സ് പാര്‍ക്കുകളുടെ ഘടകങ്ങള്‍ വികസിപ്പിക്കാനും ഭൂമിയും ഭൂവികസനവും ഒഴികെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും നിക്ഷേപ സബ്സിഡിയും വിഭാവനം ചെയ്യുന്നതാണ് ലോജിസ്റ്റിക്സ് നയം. ലോജിസ്റ്റിക്സ് പാര്‍ക്കിനായുള്ള ഭൂമിക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസുകളും ഒഴിവാക്കുന്നതും നയത്തില്‍ വിഭാവനം ചെയ്യുന്നുണ്ട്. ഫെബ്രുവരി 21, 22 തിയതികളില്‍ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് കൊച്ചിയില്‍ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി റൗണ്ട് ടേബിളുകളും സംസ്ഥാനത്തിന് പുറത്തുള്ള റോഡ് ഷോകളും നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.