രാഹുൽ മാങ്കൂട്ടത്തിൽ ഒരു വ്യക്തിയുടെയും സ്ഥാനാർഥിയല്ലെന്നും പാർട്ടിയുടെ സ്ഥാനാർഥിയാണെന്നും, ഒരുകാലത്തും താൻ പാർട്ടിയേക്കാൾ വലിയവനല്ലെന്നും പാർട്ടിക്ക് ദോഷം വരുന്ന ഒന്നും ചെയ്തിട്ടില്ലെന്നും വടകര എംപി ഷാഫി പറമ്പിൽ. രാഹുലിൻ്റെ സ്ഥാനാർഥിത്വത്തിൽ നേതൃത്വത്തോട് നന്ദി പറയുന്നുവെന്നും ഷാഫി പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി ശ്രമിച്ചാൽ ഒരു യുഡിഎഫ് സ്ഥാനാർഥിക്ക് പാലക്കാട് കിട്ടിയതിൽ വച്ച് ഏറ്റവും മികച്ച ഭൂരിപക്ഷം രാഹുലിന് കിട്ടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പാലക്കാട്ടെ പാര്‍ട്ടിക്കാരും ജനതയും ആഗ്രഹിച്ച തീരുമാനമാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടി ഒറ്റക്കെട്ടായി ഒന്നടങ്കം അതിന്റെ പുറകേയുണ്ടാകും. യുഡിഎഫിന്റെ അനിവാര്യമായ വിജയത്തിന് പാര്‍ട്ടി ഘടകകക്ഷികളുള്‍പ്പടെയുള്ള ആളുകളുടെ നേതൃത്വവുമായി സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സ്ഥാനാര്‍ഥിനിര്‍ണയത്തെ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ കൊടുത്തുകഴിഞ്ഞു ആ സ്ഥാനാര്‍ഥിയുടെ വിജയത്തിനു വേണ്ടി പാലക്കാട്ടെ ജനത ഒപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. സിരകളില്‍ കോണ്‍ഗ്രസ് രക്തമോടുന്ന മുഴുവന്‍ പേരും യുഡിഎഫിന്റെ വിജയത്തിനു വേണ്ടി പാര്‍ട്ടിക്കും സ്ഥാനാര്‍ഥിക്കും ഒപ്പമുണ്ടായിരിക്കണമെന്നാണ് ആഗ്രഹം. എല്ലാവരെയും ചേര്‍ത്തുപിടിച്ച് മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വ്യക്തിയുടേയും സ്ഥാനാര്‍ഥിയല്ല. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്. പാര്‍ട്ടിക്കാരാഗ്രഹിച്ച സ്ഥാനാര്‍ഥിയാണ്. ജനങ്ങളാഗ്രഹിച്ച സ്ഥാനാര്‍ഥിയാണ്. ഓരോ പാര്‍ട്ടിക്കാരന്റെയും സ്ഥാനാര്‍ഥിയാണ്. ആ സ്വീകാര്യത രാഹുലിനുണ്ട്.
പാര്‍ട്ടിയാണ് ഷാഫി പറമ്പിലിനെ പാലക്കാട്ടേക്ക് അയച്ചതും പാര്‍ട്ടിയാണ് ഷാഫി പറമ്പിലിനെ വടകരയിലെക്ക് അയച്ചതും പാര്‍ട്ടിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേക്ക് അയച്ചതും. ഇതിന്റെയൊക്കെ തീരുമാനത്തിനുള്ള അവകാശം പാര്‍ട്ടിക്കാണ്. ഞാന്‍ ഒരുകാലത്തും പാര്‍ട്ടിയേക്കാള്‍ വലിയവനല്ല. ഒരുകാലത്തും പാര്‍ട്ടിയേക്കാള്‍ വലുതാവാന്‍ ശ്രമിച്ചിട്ടുമില്ല. പാര്‍ട്ടിക്ക് ദോഷം വരുന്നത് ഒന്നും ചെയ്തിട്ടുമില്ല. രാഹുല്‍ പാര്‍ട്ടിയുടെ നോമിനിയാണ്. തിരഞ്ഞെടുപ്പ് ജയത്തെ ബാധിക്കുന്ന ഒന്നും പാലക്കാട് ഉണ്ടായിട്ടില്ല. കാരണം പാലക്കാടിന്റെ രാഷ്ട്രീയബോധം ഈ പ്രാധാന്യമില്ലാത്ത ചര്‍ച്ചകളെക്കാള്‍ വലുതാണ്. രണ്ട് ഭരണസംവിധാനങ്ങളും ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ അതിനെതിരെയുള്ള വിയോജിപ്പ് ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്.
ഇവിടെ എല്ലാവരും ഒറ്റക്കെട്ടായി ശ്രമിച്ചാല്‍ പാലക്കാട് ഇതുവരെ ഒരു യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷം ലഭിക്കാനുള്ള സാഹചര്യമാണുള്ളത്. 2011-ല്‍ ഒരു സ്ഥാനാര്‍ഥിയായി ഞാന്‍ വരുമ്പോള്‍ നിങ്ങളിപ്പോള്‍ കണ്ടതൊന്നുമല്ല കോലാഹലം. അന്ന് ഞാന്‍ അനുഭവിച്ച സമ്മര്‍ദം ചെറുതൊന്നുമല്ല. എന്നിട്ടും ചേര്‍ത്തുപിടിച്ച ജനതയാണിത്.’, ഷാഫി പറമ്പിൽ വ്യക്തമാക്കി. നാളെ വൈകീട്ട് 4 മണിക്ക് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടെത്തും.
STORY HIGHLIGHT: rahul mamkootathil peoples candidate palakkad shafi parambil