തുലാവര്‍ഷത്തിന് മുന്നോടിയായി ഉമ്മറത്തേക്ക് കാറ്റില്‍ പാറിവരുന്ന ചാറ്റല്‍ മഴയുടെ കുളിരും മഴത്തുള്ളികളുടെ കൊഞ്ചലും കിലുക്കവും വഹിച്ചുകൊണ്ട് ‘ അമ്മ കരുതലിലേക്ക് ‘പറന്നിറങ്ങിയ പൊന്നിന് ഇനി മുതല്‍ പേര് ‘ തൂവാന’. ഇന്നലെ രാത്രി 11.45 നാണ് തൂവാനയെ അമ്മത്തൊട്ടിലില്‍ നിന്നും കിട്ടുന്നത്. 3.97 കിലോഗ്രാം ഭാരവും രണ്ടര മാസത്തിലധികം പ്രായവും തോന്നിക്കുന്ന പെണ്‍ കുരുന്ന്. കഴിഞ്ഞ തിങ്കള്‍ മുതല്‍ 10 ദിവസത്തിനിടയില്‍
തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന മൂന്നാമത്തെ പെണ്‍കുട്ടിയാണ് തൂവാന.
പേരിടല്‍ ചടങ്ങ് നടത്തിയത്, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപിയാണ്. അമ്മത്തൊട്ടിലില്‍ നിന്നും സമിതി ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ കുരുന്നിനെ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ പരിശോധന നടത്തി. പൂര്‍ണ്ണ ആരോഗ്യവതിയാണ് കുരുന്ന്. തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന 610-ാമത്തെ കുട്ടിയും 2024-ല്‍ ലഭിക്കുന്ന 16-ാമത്തെ കുഞ്ഞുമാണ് നവാഗത.
‘തൂവാനയുടെ’ ദത്തെടുക്കല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ കുട്ടിക്ക് അവകാശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ തൈക്കാട് സമിതി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി അറിയിക്കുന്നുണ്ട്. അമ്മത്തൊട്ടില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതല്‍ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്താണ്. സര്‍ക്കാരിന്റെയും വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെയും സമിതിയുടെയും ബോധവല്‍ക്കരണങ്ങളിലൂടെ അമ്മത്തൊട്ടിലിനെ ജനപ്രിയമാക്കിയതു കൊണ്ടാണ് മുന്‍ കാലങ്ങളില്‍ നിന്ന് വത്യസ്ഥമായി ചിലയിടങ്ങളില്‍ എങ്കിലും നിര്‍ഭാഗ്യവശാല്‍ കുരുന്നു ജീവനുകള്‍ നശിപ്പിക്കപ്പെടുന്ന പ്രവണത മാറി സുരക്ഷിതമായി അമ്മത്തൊട്ടിലിന്റെ സംരക്ഷണത്തിലേക്ക് എത്തിക്കുന്നത്.
ഇവിടെ എത്തപ്പെടുന്ന ബാല്യങ്ങള്‍ക്ക് മതിയായ പരിചരണം നല്‍കി സുതാര്യമായ ദത്തെടുക്കല്‍ നടപടിക്രമങ്ങളിലൂടെ ദത്ത് നല്‍കാന്‍ സമിതിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അരുണ്‍ഗോപി പറയുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ സമിതി 108 കുട്ടികളെയാണ് നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ ദത്ത് നല്‍കിയത്.
പല സാഹചര്യങ്ങളാല്‍ ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പെറ്റമ്മയുടെ സ്‌നേഹവാത്സല്യങ്ങള്‍ നല്‍കി പരിചരിച്ചു പോരുകയാണ്. സംസ്ഥാന ശിശുഷേമ സമിതി സര്‍ക്കാരിന്റെ സഹായത്തോടെ 2002 നവംബര്‍ 14നാണ് അമ്മത്തൊട്ടിലില്‍ സ്ഥാപിക്കുന്നത്.
CONTENT HIGHLIGHTS;’Tuwana’ arrived in the mother’s cradle with the sound of a raindrop: the third baby girl to be born in ten days