Kerala

അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന് ഇനി “കേരള അതിഥി ആപ്പ്”

സംസ്ഥാനത്ത് എത്തുന്ന മുഴുവന്‍ അതിഥി തൊഴിലാളികളെയും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കേരള അതിഥി ആപ്പ് ഒക്ടോബര്‍ 25മുതല്‍ ലഭ്യമായി തുടങ്ങും. നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ വികസിപ്പിച്ചെടുത്ത ആപ്പിന്റെ ടെസ്റ്റിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞു. ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. അതിഥി പോര്‍ട്ടല്‍ വഴി 1,59,884 പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. അതിഥി പോര്‍ട്ടലില്‍ എന്നപോലെ അതിഥി തൊഴിലാളികള്‍ക്കും, അവരുടെ കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കും മൊബൈല്‍ ആപ്പിലൂടെ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാം.

ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രകാരം വ്യക്തിവിവരങ്ങള്‍, ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ നല്‍കി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. അതിഥിപോര്‍ട്ടല്‍ വഴി ലഭിക്കുന്ന ഈ വിവരങ്ങള്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തും. പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് വെര്‍ച്വല്‍ ഐഡി കാര്‍ഡുകള്‍ തൊഴിലാളികള്‍ക്ക് ആപ്പില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാവുന്നതുമാണ്. ഇനി ഇന്‍ഷുറന്‍സ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കും അടിസ്ഥാനമായി ഈ കാര്‍ഡാണ് ഉപയോഗിക്കുക.

മികച്ച കൂലി, തൊഴില്‍ സാഹചര്യം, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ തുടങ്ങി അതിഥിതൊഴിലാളികള്‍ക്ക് മികച്ച സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന നയങ്ങളാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. ഭൂരിഭാഗം അതിഥിതൊഴിലാളികളും നാടിന്റെ രീതികള്‍ക്കൊത്തു പോകുന്നവരാണെങ്കിലും ചിലരെങ്കിലും ആശ്വാസ്യകരമല്ലാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകും. അതിഥി ആപ്പ്കൂടി എത്തുന്നതോടെ രജിസ്ട്രേഷന്‍ നടപടികള്‍ കൂടുതല്‍ സുഗമമാകും.

അതിഥി ആപ്പ് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തൊഴില്‍ വകുപ്പ് സെക്രട്ടറി ഡോ കെ വാസുകി, ലേബര്‍ കമ്മിഷണര്‍ സഫ്ന നസറുദ്ദീന്‍, അഡീ ലേബര്‍ കമ്മിഷണര്‍ കെ എം സുനില്‍, അതിഥി തൊഴിലാളികള്‍, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

CONTENT HIGHLIGHTS;Now “Kerala Guest App” for registration of guest workers