എന്‍.ഒ.സി ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്ന് ഉടമ ടി.വി.പ്രശാന്തന്‍ സമ്മതിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ചേരന്മൂലയില്‍ വിവാദ പെട്രോള്‍ പമ്പിനുള്ള അലോട്ട്‌മെന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് എ.ഐ.സി.സി ഗവേഷണ വിഭാഗം കേരള ഘടകം ചെയര്‍മാന്‍ ഡോ.ബി.എസ് ഷിജു കത്ത് നല്‍കി. ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി, ബി.പി.സി.എല്‍ സി.എം.ഡി ജി. കൃഷ്ണകുമാര്‍ എന്നിവര്‍ക്കും അദ്ദേഹം കത്തയച്ചു.
കൈക്കൂലി നല്‍കുന്നതും സ്വീകരിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ലഭിക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പ്രശാന്തന്‍ കേരള മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന പരാതിയിലാണ് തുറന്ന് സമ്മതിച്ചിരിക്കുന്നത്. ഈ കത്ത് സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നുണ്ട്. എ.ഡി.എം 1 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ താന്‍ 98,500 രൂപ നല്‍കിയെന്നും അതിനുശേഷം ഉടന്‍ തന്നെ എന്‍.ഒ.സി നല്‍കിയെന്നുമാണ് പ്രശാന്തന്‍ കത്തില്‍ പറയുന്നത്.
പ്രശാന്തന്റെ പരാതിയുടെ പൊതുസ്വഭാവം അലോട്ട്‌മെന്റ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ എത്രയും വേഗം അലോട്ട്മെന്റ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കണം.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ ഭര്‍ത്താവുമായി പ്രശാന്തന് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാണ്. ഇതും അംഗീകാര പ്രക്രീയയില്‍ അനാവശ്യ സ്വാധീനം ചെലുത്തിയെന്ന് വെളിപ്പെട്ടു. പെട്രോള്‍ പമ്പിന്റെ സ്ഥാനം റോഡിലെ വളവിലായിരുന്നു.
സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇത് ലംഘിക്കുന്നുണ്ടെങ്കിലും പെര്‍മിറ്റ് വേഗത്തിലാക്കാന്‍ ദിവ്യ ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ചതായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് കൃത്രിമത്വത്തിന്റെയും നിയമ ലംഘനങ്ങളുടെയും വ്യക്തമായ ദൃഷ്ടാന്തങ്ങളാണ്. ദിവ്യയും എഡിഎമ്മും തമ്മില്‍ അടുത്തിടെയുണ്ടായ വാക് തര്‍ക്കവും എ.ഡി.എമ്മിന്റെ ദാരുണമായ ആത്മഹത്യയും പെട്രോള്‍ പമ്പ് അലോട്ട്‌മെന്റിന്റെ സുതാര്യത സംബന്ധിച്ച സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു.
ഗുരുതരമായ ഈ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തില്‍, കാര്യമായ ക്രമക്കേടുകളും അഴിമതിയും കൃത്രിമത്വവും പെട്രോള്‍ പമ്പ് അലോട്ട്മെന്റിനെ ചുറ്റിപ്പറ്റി നടന്നിട്ടുണ്ടെന് വ്യക്തമാണ്. അതുകൊണ്ടുന്നെ അലോട്ട്‌മെന്റ് റദ്ദാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. ഒപ്പം ക്രമക്കേടിന് കൂട്ടുനിന്നവരെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ടി.വി പ്രശാന്തന്‍ എഴുതിയതായി പറയപ്പെടുന്ന കത്തിന്റെ പകര്‍പ്പും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
CONTENT HIGHLIGHTS;Complaint to Union Petroleum Minister demanding cancellation of allotment for controversial petrol pump