ന്യൂഡൽഹി: രാജ്യത്തെ വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി വർധിച്ചതോടെ കടുത്ത നടപടിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ. ബോംബ് ഭീഷണിയെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യോമയാന മന്ത്രാലയത്തിൽനിന്ന് റിപ്പോർട്ട് തേടി.
തുടർച്ചയായ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവും മന്ത്രാലയ ഉദ്യോഗസ്ഥരും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും യോഗം ചേർന്നു. സംഭവത്തിൽ നിർണായക വിവരം ലഭിച്ചതായും പ്രതികളെന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞതായും വ്യോമയാന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു റിപ്പോർട്ടുണ്ട്.
ഭീഷണി സന്ദേശവുമായി ഫോൺ വിളിക്കുന്നവരെ വിമാനയാത്രയിൽനിന്ന് വിലക്കുക, കൂടുതൽ എയർ മാർഷലുകളെ ഉൾപ്പെടുത്തുക തുടങ്ങിയ വിവിധ നടപടികളാണ് സർക്കാർ ആലോചിക്കുന്നത്. ഇത് കൂടാതെ ഇന്റലിജൻ്സ് ഏജൻസികളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിമാനത്തിലെ എയർ മാർഷലുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.
അന്താരാഷ്ട്ര റൂട്ടുകളിലും ആഭ്യന്തര തലത്തിൽ പ്രശ്നബാധിത റൂട്ടുകളിലും എയർ മാർഷൽമാരായി നാഷനൽ സെക്യൂരിറ്റി ഗാർഡ് കമാൻഡുമാരെ വിന്യസിക്കാറുണ്ട്. വിമാന റാഞ്ചൽ ഉൾപ്പെടെയുള്ള ആക്രമണങ്ങളെ നേരിടാനുള്ള പ്രത്യേക സായുധ വിഭാഗമാണ് എയർ മാർഷൽ. സാധാരണ വേഷത്തിലാകും ഇവർ വിമാനത്തിൽ ഉണ്ടാവുക.
കഴിഞ്ഞ 48 മണിക്കൂറിനിടെ ഇന്ത്യയിലെ വിവിധ വിമാനങ്ങൾക്ക് ബോംബ് ഭീഷണിയുണ്ടായി. ഏറ്റവും ഒടുവിൽ ആകാശ എയർ, ഇൻഡിഗോ കമ്പനികളുടെ വിമാനങ്ങളാണ് യാത്രക്കിടെ ഭീഷണി നേരിട്ടത്. ഡൽഹിയിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയർ വിമാനം ഭീഷണി നേരിട്ടതോടെ ഡൽഹിയിൽതന്നെ തിരിച്ചിറക്കി. മുംബൈയിൽനിന്ന് ഡൽഹിയിലേക്ക് പറന്ന ഇൻഡിഗോ വിമാനം ഭീഷണി നേരിട്ടതോട അഹമ്മദാബാദിലേക്കും തിരിച്ചിറക്കി.
ഡല്‍ഹി-ഷിക്കാഗോ എയര്‍ ഇന്ത്യ വിമാനം (എ.െഎ.-127), ജയ്പുര്‍-ബെംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് (ഐ.എക്‌സ്-765), ദര്‍ബംഗ-മുംബൈ സ്‌പൈസ് ജെറ്റ് വിമാനം (എസ്.ജി.-116), സിലിഗുരി-ബെംഗളൂരു ആകാശ എയര്‍ വിമാനം (ക്യു.പി.-1373), ദമാം-ലഖ്‌നൗ ഇന്‍ഡിഗോ വിമാനം(6 ഇ-98), അമൃത്സര്‍-ദെഹ്റാദൂണ്‍ അലയന്‍സ് എയര്‍ (9എല്‍-650) എന്നിവയുള്‍പ്പെടെയുള്ള വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. തിങ്കളാഴ്ചയും രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ഒരു എയര്‍ ഇന്ത്യ വിമാനത്തിനും വ്യാജഭീഷണി സന്ദേശം ലഭിച്ചിരുന്നു.