ന്യൂഡൽഹി: കെ-റെയിൽ പദ്ധതി വീണ്ടും ഉന്നയിച്ച് കേരളം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് കെ-റെയിൽ ആവശ്യം വീണ്ടും ഉന്നയിച്ചത്.
ഇതിനു പുറമേ അങ്കമാലി-എരുമേലി-ശബരി റെയിൽ പാത പദ്ധതി, കേരളത്തിലെ റെയിൽ പാതകളുടെ എണ്ണം 3 , 4 വരിയാക്കുന്നത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും ചർച്ചയായി. ഇക്കാര്യങ്ങളിൽ ഉദ്യോഗസ്ഥതല ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് കേന്ദ്ര മന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി. റെയില്‍വെ പദ്ധതികളിൽ ഉദ്യോഗസ്ഥ തല ചര്‍ച്ച നടത്താമെന്ന് റെയില്‍വെ മന്ത്രി അറിയിച്ചതായി മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണിപ്പോള്‍ റെയില്‍വെ മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കേരളം മുന്നോട്ടുവെച്ച് ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയെന്നും മന്ത്രി അബ്ദുറഹ്മാൻ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.