Kerala

പി സരിന്‍ ഇടത് പാളയത്തിലേക്കോ? സാധ്യതകള്‍ തള്ളാതെ സിപിഎം; ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും

പാലക്കാട്: പാലക്കാട്ട് കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന പി സരിനെ മുൻനിര്‍ത്തി ഉപ തെരഞ്ഞെടുപ്പ് ചര്‍ച്ചകൾ സജീവമാക്കി സിപിഎം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരസ്യമായി തള്ളിപ്പറഞ്ഞ പി സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി. സരിൻ രംഗത്തെത്തിയിരുന്നു. നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച് വാർത്താസമ്മേളനം നടത്തിയ സരിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചനയും കോൺഗ്രസ് നേതാക്കൾ നൽകി.

ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നാണ് സിപിഐഎം നേതാവ് എം ബി രാജേഷിന്റെ പ്രതികരണം. കോൺഗ്രസിന്റെ പ്രതിസന്ധി ആഴമേറിയതാണ്. പൊട്ടിത്തെറി പ്രതീക്ഷിച്ച് തന്നെയാണ് രാഹുലിനെ സ്ഥാനാർഥി ആക്കിയത്. പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ അംഗീകരിക്കില്ല. വടകരയിലെ സഹായത്തിനുള്ള പ്രത്യുപകാരം കിട്ടിയെന്നും രാഹുൽ ദുർബലനാണെന്നും എം ബി രാജേഷ് പ്രതികരിച്ചു. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കോൺഗ്രസ് അധഃപതിച്ചുവെന്നും അദ്ദേഹം പറ‍ഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ചതിൻ്റെ ഗുണമാണ് ഇപ്പോൾ കാണുന്നത്. പാർട്ടി സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാത്തത് നന്നായില്ലേ എന്നും എം ബി രാജേഷ് ചോദിച്ചു.

ഉപതിരഞ്ഞെടുപ്പിൽ ജയിക്കാൻ പറ്റുന്ന എല്ലാ സാദ്ധ്യതകളെയും എൽ.ഡി.എഫ് ഉപയോഗിക്കുമെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ വ്യക്തമാക്കി. അതൃപ്തിയുള്ള കോൺഗ്രസുകാർക്ക് കൂടി താത്പര്യമുള്ളയാളാകുമോ സ്ഥാനാർത്ഥിയെന്ന ചോദ്യത്തിന് ജനങ്ങൾക്ക് മൊത്തത്തിൽ നല്ല സ്വീകാര്യതയുള്ള ആളായിരിക്കും സി.പി.എം സ്ഥാനാർത്ഥി. കോൺഗ്രസ് ഉള്ളറകളുടെ കാവൽക്കാരനാണ് സരിനെന്നും ബാലൻ പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സരിന് അനുകൂലമായ പ്രതികരണമാണ് നടത്തിയത്. കോൺഗ്രസിൽ പൊട്ടിത്തെറി എന്ന വാർത്തകൾ കാണുന്നുണ്ട്. അതിനപ്പുറം പാർട്ടി എന്ന നിലയിൽ സി.പി.എമ്മിന് മുന്നിലില്ല. അക്കാര്യത്തിൽ കാത്തിരുന്ന് കാണാം. പി.സരിനുമായി സി.പി.എം ചർച്ച ചെയ്തിട്ടില്ല. എന്താണ് നിലപാട് എന്നതിൽ കാര്യം മനസിലാക്കിയ ശേഷം മാത്രമേ നിലപാട് സ്വീകരിക്കാനാകൂ എന്നും ഗോവിന്ദൻ വ്യക്തമാക്കി.