പത്തനംതിട്ട: കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍. പത്തനംതിട്ട മലയാലപ്പുഴയിലെ നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാട്ടിയത് അതിക്രൂരമായ പ്രവര്‍ത്തിയാണ്. കൊലപാതകിയാണ് അവര്‍ എന്ന് പറയേണ്ടിവരും. മുഴുവന്‍ ആളുകള്‍ക്കും നല്ലസേവനം നല്‍കിയ ഒരു ഉദ്യോഗസ്ഥന്റെ ജീവന്‍ നഷ്ടപ്പെടുത്തിയ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ക്രിമിനല്‍ കുറ്റത്തിന് അര്‍ഹയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അപവാദ പ്രചരണമാണ് ആത്മഹത്യക്ക് കാരണം. പൊലീസിന്റെ നടപടി സത്യസന്ധമല്ലെങ്കിൽ നിയമാനുസൃത നടപടിയിലേക്ക് പോകുമെന്നും കെ സുധാകരൻ വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തിൽ ആലോചിക്കാൻ പറ്റാത്ത കാര്യമാണ് പി പി ദിവ്യ ചെയ്തത്. ദിവ്യയെ യാത്രയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. കളക്ടറോട് താൻ ദിവ്യയെ എന്തിനാണ് അവിടെ ഇരുത്തിയതെന്ന് ചോദിച്ചു. കളക്ടർ ചോദ്യം ചെയ്യേണ്ടതായിരുന്നു. പെട്രോൾ പമ്പ് സംബന്ധിച്ച് ബിനാമി ആരോപണം അങ്ങാടിപ്പാട്ടാണ്. ബിനാമി ആരോപണം സത്യമാണ്. അന്ന് സാജനെ കൊന്ന് കൊലവിളിച്ചത് ഗോവിന്ദൻ മാഷിൻ്റെ ഭാര്യയാണ്. സിപിഐഎം ക്രൂരന്മാരുടെ പാർട്ടിയായതുകൊണ്ടാണ് പി പി ദിവ്യയെ പുറത്താക്കാത്തത്. നവീൻ ബാബുവിനെതിരെയുള്ള ആരോപണം കെട്ട് കഥയാണെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.
കണ്ണൂര്‍ എ.ഡി.എമ്മായി വന്നകാലം മുതല്‍ പലകാര്യങ്ങള്‍ക്കായി അദ്ദേഹവുമായി ബന്ധപ്പെടാറുണ്ടായിരുന്നു. ഒരുപാട് ഉദ്യോഗസ്ഥരെ വിളിക്കാറുണ്ടെങ്കിലും നവീന്‍ ബാബുവില്‍നിന്ന് കിട്ടിയ സ്‌നേഹം മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായിട്ടില്ല. ഒരു ഫയല്‍ അല്‍പ്പം വൈകുന്നുണ്ടെങ്കില്‍ അതിന്റെ കാരണം ഞാന്‍ ചോദിക്കുകപോലും ചെയ്യാതെ എന്നെ വിളിച്ച് അറിയിക്കുമായിരുന്നു. എല്ലാ കാര്യങ്ങളും സത്യസന്ധമായി ചെയ്ത് ഞങ്ങളുടെ മനസില്‍ ഇടംനേടിയ വ്യക്തിയാണ് അദ്ദേഹമെന്ന് സുധാകരന്‍ പറഞ്ഞു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവർത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു.