സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം അഥവാ ജൂപ്പിറ്റർ.കട്ടിയേറിയ ഒരു ഉൾക്കാമ്പിനെ വലയം ചെയ്യുന്ന നിബിഡമായ വാതകഘടനയുള്ള ഗ്രഹമായ ജൂപ്പിറ്റർ ഒരു വാതകഭീമനാണ്.വ്യാഴഗ്രഹത്തിൽ സ്ഥിതി ചെയ്യുന്ന വളരെ സവിശേഷമായ ഒരു ബിന്ദുവാണ് ഗ്രേറ്റ് റെഡ് സ്‌പോട്ട്. ഈ ഘടന യഥാർഥത്തിൽ ഒരു കൊടുങ്കാറ്റാണ്.350 വർഷത്തിലേറെ പഴക്കമുള്ള ഈ കൊടുങ്കാറ്റ് മേഖലയ്ക്ക് ഭൂമിയുടെ രണ്ടിരട്ടി വലുപ്പമുണ്ട്.ഇപ്പോഴിതാ ഹബ്ബിൾ സ്പേസ് ടെലിസ്കോപ് ഉപയോഗിച്ചു നടത്തിയ പഠനത്തിൽ ശ്രദ്ധേയമായ ഒരു കാര്യം വെളിവായിരിക്കുകയാണ്.
ഗ്രേറ്റ് റെഡ് സ്പോട് ആകൃതി മാറിക്കൊണ്ടേയിരിക്കുകയാണ്. ഇതുവരെ വിചാരിച്ചിരുന്നതു പോലെ സ്ഥിരമായ ഒരു ഘടന ഇതിനില്ല.ഗ്രേറ്റ് റെഡ്സ്പോട്ടിനു താഴെ വെളുത്ത നിറത്തിൽ വെളുത്ത പൊട്ടുപോലെ മറ്റൊരു പ്രദേശവുമുണ്ട്. ഇതാണ് റെഡ് സ്പോട് ജൂനിയർ.ഈ റെഡ്സ്പോട് ജൂനിയറിന്റെ നിറം ഇടയ്ക്കിടെ മാറുന്നെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു.20 വർഷങ്ങൾക്കു മുന്‍പ് മൂന്നു കൊടുങ്കാറ്റുകൾ കൂടിച്ചേർന്നാണ് റെഡ്സ്പോട് ജൂനിയർ രൂപമെടുത്തത്.ആദ്യം വെളുത്ത നിറമായിരുന്നു ഇതിന്.എന്നാൽ കുറച്ചുനാള്‍ കഴിഞ്ഞപ്പോൾ കടുംചുവപ്പ് നിറമായി. പിന്നീട് നിറം മങ്ങി വെള്ളയായി. ഇപ്പോൾ വീണ്ടും ഇതു ചുവക്കാൻ തുടങ്ങിയെന്നാണു നാസ പറയുന്നത്.ഹൈഡ്രജൻ, ഹീലിയം വാതകങ്ങൾ നിറഞ്ഞ ഭീമൻ ഗ്രഹമാണ് ജൂപ്പിറ്റർ അഥവാ വ്യാഴം.
സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെയും മൊത്തം ഭാരത്തിന്റെ രണ്ടര ഇരട്ടിയാണ് ജൂപ്പിറ്ററിന്റേത്. ഒന്നും, രണ്ടുമല്ല 95 ചന്ദ്രൻമാരാണ് ഈ ഗ്യാസ് വമ്പനെ വലംവയ്ക്കുന്നത്. ഗാനിമീഡ്, യൂറോപ്പ, ലോ, കലിസ്റ്റോ എന്നിവരാണ് ഇവയിലെ പ്രമുഖൻമാർ. വ്യാഴത്തിന്റെ ചന്ദ്രൻമാരിൽ ഒന്നായ ഗാനിമീഡിന്‌റെ അന്തരീക്ഷത്തിൽ നീരാവിയുടെ സാന്നിധ്യം ഇടയ്ക്ക് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു .ചൊവ്വാഗ്രഹത്തെക്കാൾ അൽപം വലുപ്പം കുറഞ്ഞ ഗാനിമീഡിൽ ഭൂമിയിൽ എല്ലാ സമുദ്രങ്ങളിലുമുള്ള വെള്ളത്തേക്കാൾ കൂടുതൽ ജലസമ്പത്ത് ഉണ്ടെന്ന് ശാസ്ത്രജ്ഞർ പണ്ടുമുതൽ തന്നെ സംശയിക്കുന്നുണ്ട്.സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രനാണ് ഗാനിമീഡ്.
STORY HIGHLLIGHTS : jupiter-great-red-spot-changing-shape