Kerala

‘അദ്ദേഹം കൈക്കൂലിക്കാരനല്ല; സത്യസന്ധനായ ഉദ്യോഗസ്ഥൻ’; എ.ഡി.എം. നവീൻ ബാബുവിനെക്കുറിച്ച് വീണാ ജോർജ്

പത്തനംതിട്ട: എഡിഎം ആയിരുന്ന നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് മന്ത്രി വീണാ ജോർജ്. അദ്ദേഹം കൈക്കൂലിക്കാരനായിരുന്നില്ല. നവീന്റെ കുടുംബവുമായി വർഷങ്ങളായി ബന്ധമുണ്ട്. മരണം അത്യന്തം വേദനാജനകമാണെന്നും വീണാ ജോർജ് പറഞ്ഞു.

രണ്ട് പ്രളയങ്ങളുടെ സമയത്തും കോവിഡ് കാലത്തും അദ്ദേഹം നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏത് കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റിയ ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു. വിദ്യാർഥി ജീവതകാലം മുതൽ നല്ല വ്യക്തിത്വം കാത്തുസൂക്ഷിച്ചയാളാണ്. നവീന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങൾ സർക്കാരും പാർട്ടിയും പരിശോധിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.

ഒരു നാട് മുഴുവനല്ല, അദ്ദേഹത്തെ ഒരിക്കലെങ്കിലും പരിചയപ്പെട്ടിട്ടുള്ള ആളുകള്‍ക്ക് പോലും വിഷമമുണ്ടാക്കുന്ന സംഭവമാണ് നവീന്‍ ബാബുവിന്റെ വിയോഗം. സര്‍ക്കാര്‍ ഇത് സമഗ്രമായ രീതിയില്‍ അന്വേഷിക്കും. റവന്യു മന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തിലുള്ള അന്വേഷണം നടത്തുമെന്ന് എം.വി. ജയരാജനും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പി.പി. ദിവ്യയുടെ ഭാഗത്തുനിന്ന് അത്തരത്തിലൊരു പ്രതികരണം ഉണ്ടായത് ശരിയായോ എന്ന ചോദ്യത്തിന് ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും പരിശോധിക്കപ്പെടുമെന്നാണ് മന്ത്രി മറുപടി നല്‍കിയത്. ഇതൊരു മരണ വീട് ആയതുകൊണ്ടുതന്നെ ഇത്തരം പ്രതികരണങ്ങള്‍ പിന്നീട് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.