പാലക്കാട്: സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി. സരിന്‍ സിപിഎമ്മിലേക്കെന്ന് സൂചന. പി സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായി. സരിനെ സ്ഥാനാര്‍ഥിയാക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് സരിന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ തോറ്റാല്‍ അത് രാഹുല്‍ ഗാന്ധിയുടെ പരാജയമാകുമെന്നാണ് തുറന്നടിച്ചത്. സ്ഥാനാര്‍ഥി പട്ടികയില്‍ തിരുത്തലുണ്ടായില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമായിരുന്നെന്നും പി സരിന്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി വരുതിയിലായെന്ന് വിശ്വസിക്കുന്നവരെ ആരും തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിച്ചുപോകുമോയെന്ന ഉള്‍ഭയമുണ്ട്. 2026ലെ സെമി ഫൈനലാണെന്നൊക്കെ പറയുന്നവരുണ്ട്. തോറ്റാല്‍ എന്ത് ചെയ്യുമെന്ന് സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു.
പാര്‍ട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്തുപോയിട്ടില്ലെന്നും സരിന്‍ വ്യക്തമാക്കി. പാര്‍ട്ടി തീരുമാനങ്ങളുടെ രീതി മാറി. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തോറ്റുപോകും. പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വരും. ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ തീരുമാനിച്ചു. പാര്‍ട്ടി മൂല്യങ്ങളിലുള്ള വിശ്വാസത്തില്‍ കോട്ടം വന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും കത്തയച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പി സരിൻ്റെ നീക്കത്തിന് പിന്നാലെ നേതൃയോഗം വിളിച്ച് കെപിസിസി. നാളെ തൃശൂരിലും പാലക്കാട്ടും നേതൃയോഗം ചേരും. കെപിസിസി പ്രസിഡന്റ കെ സുധാകരന്റെ കണ്ണൂരിലെ പരിപാടികൾ റദ്ദാക്കി. തൃശൂരിൽ തുടരാനാണ് തീരുമാനം. പ്രതിപക്ഷ നേതാവും നാളെ തൃശൂരിലെത്തും. ഇരുവരും പങ്കെടുത്തുകൊണ്ട് നേതൃയോഗം ചേർന്ന് പ്രതിരോധ തന്ത്രങ്ങൾ മെനയും.
ഇതിനിടെ ഡോ പി സരിൻ നാളെ വീണ്ടും മാധ്യമങ്ങളെ കണ്ടേക്കും. തുടർനീക്കങ്ങൾ പ്രഖ്യാപിക്കാനാണ് സാധ്യത. നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടും പാർട്ടി പരിഗണിക്കാത്തതിൽ കടുത്ത അതൃപ്തിയിലാണ് ഡോ പി സരിൻ.
പിന്നാലെ പി സരിനിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് രംഗത്തുവന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥിയെന്ന് വിഡി സതീശന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം കൂടിയാലോചനയില്‍ നിന്നുണ്ടായതെന്നും ഇതില്‍ പാളിച്ച ഉണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.