കോട്ടയം: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് വീഴ്ച പറ്റിയതായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. എ.ഡി.എമ്മിന്‍റെ യാത്രയയപ്പ് വേദിയിൽ പോയി ദിവ്യ അത്തരത്തിൽ പരാമർശം നടത്തേണ്ടിയിരുന്നില്ലെന്നും അവർ പറഞ്ഞു.
വിഷയത്തിൽ കണ്ണൂർ സി.പി.എം ജില്ല സെക്രട്ടറിയുടെ നിലപാട് തന്നെയാണ് തനിക്കും. തെറ്റുപറ്റിയെന്ന് കണ്ടെത്തിയാൽ മൂകമായി ഇരിക്കുന്ന പാർട്ടിയല്ല സി.പി.എം. നടപടിയുണ്ടാകും. നവീൻ ബാബുവിന്‍റെ മരണം അതീവ ദൗർഭാഗ്യകരമാണെന്നും ശ്രീമതി പറഞ്ഞു. വിഷയത്തിൽ സമഗ്ര അന്വേഷണം വേണം. എ.ഡി.എമ്മിന്‍റെ മരണത്തിന് കാരണം ഇതുമാത്രമാണോയെന്നതടക്കം എല്ലാം അന്വേഷിക്കട്ടെ. അന്വേഷണത്തിൽ എല്ലാം വ്യക്തമാകുമെന്നും അവർ പറഞ്ഞു.
ഇന്നലെ രാവിലെയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് ഇന്നലെ കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.