സൂര്യന്റെ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഒറ്റനക്ഷത്രമായ ബാർണാഡ്സ് സ്റ്റാറിനെ ചുറ്റി ഒരു പാറഗ്രഹമുണ്ടെന്ന് പുതിയ കണ്ടെത്തൽ. ഭൂമിയുടെ 40 ശതമാനം പിണ്ഡമുള്ള ഗ്രഹമാണ് ഇത്. സൂര്യനെക്കാൾ വളരെ ചെറുതും പ്രകാശം കുറഞ്ഞതുമായ നക്ഷത്രമാണ് ബാർണാഡ്സ് സ്റ്റാർ. സൂര്യന്റെ അടുത്തുള്ള നക്ഷത്രമായതിനാൽ ഇതിനെപ്പറ്റി പഠിക്കാൻ ശാസ്ത്രജ്ഞർക്ക് താൽപര്യമാണ്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഗ്രഹം ബാർണാഡ്സ് നക്ഷത്രത്തിന് വളരെ അടുത്തായാണ് ഭ്രമണം ചെയ്യുന്നത്. ഇതിനാൽ തന്നെ ഇതിന്റെ ഉപരിതല താപനില വളരെക്കൂടുതലാണ്. അതുകാരണം ഈ ഗ്രഹത്തിൽ ജീവനുണ്ടാകാനുള്ള സാധ്യത വളരെക്കുറവാണ്.
ബാർണാഡ് ബി എന്നാണ് ഈ ഗ്രഹത്തിനു നൽകിയിരിക്കുന്ന പേര്. ഭൂമിയുടെ നാലിൽ മൂന്ന് വിസ്തീർണമാണ് ഇതിനുള്ളത്.സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ എക്‌സോപ്ലാനറ്റുകൾ എന്നാണു വിളിക്കുന്നത്. സൗരയൂഥത്തിന്റെയും അതിലെ ഗ്രഹങ്ങളുടെയും ഉത്പത്തിയെക്കുറിച്ചുള്ള പഠനസാധ്യത, ജീവൻ ഉണ്ടാകാനുള്ള സാധ്യത എന്നിവ മൂലം എക്സോപ്ലാനറ്റുകൾ ശാസ്ത്രജ്ഞർക്ക് വലിയ താത്പര്യമുള്ള പഠനമേഖലയാണ്. 1990 ലാണ് ആദ്യ എക്സോപ്ലാനറ്റിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. തുടർന്ന് ഇതുവരെ അയ്യായിരത്തോളം എക്സോപ്ലാനറ്റുകളെ ശാസ്ത്രജ്ഞർ കണ്ടെത്തി സ്ഥിരീകരിച്ചിട്ടുണ്ട്.
ഭൂമി, ചൊവ്വ, ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളെപ്പോലെ ഉറച്ച പുറംഘടനയുള്ളവയും വ്യാഴം, ശനി തുടങ്ങിയവയെപ്പോലെ വായുഘടന ഉള്ളവയും ഇക്കൂട്ടത്തിലുണ്ട്.സൂര്യനെ ഭ്രമണം ചെയ്യുന്ന ഭൂമിയെപ്പോലെ ഏതെങ്കിലും നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്നവയാണ് ഇവയിൽ കൂടുതൽ. എന്നാൽ രണ്ടു നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന എക്സോപ്ലാനറ്റുകളെയും കണ്ടെത്തിയിട്ടുണ്ട്. നക്ഷത്രങ്ങളെയൊന്നും ഭ്രമണം ചെയ്യാതെ സ്വതന്ത്രരായി നടക്കുന്ന എക്സോപ്ലാനറ്റുകളും പ്രപഞ്ചത്തിലുണ്ട്.സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള എക്സോപ്ലാനറ്റിന്റെ പേര് എപ്സിലോൺ എറിഡാനിയെന്നാണ്. ഭൂമിയിൽ നിന്നു 10.5 പ്രകാശവർഷം അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്.
STORY HIGHLLIGHTS: barnards-star-rocky-exoplanet-discovery