ന്യൂഡല്‍ഹി: പഞ്ചാബിൽ ശൗര്യചക്ര ജേതാവായ ബൽവീന്ദർ സിംഗ് സന്ധുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയത് കാനഡയിലെ ഖാലിസ്ഥാൻ അനുകൂലികളാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). സുപ്രീം കോടതിയിൽ എൻഐഎ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് എൻഐഎ രംഗത്തെത്തിയിരിക്കുന്നത്.
പഞ്ചാബിലെ തർൺ തരൺ ജില്ലയിൽ വെച്ച് 2020 ഒക്ടോബറിലാണ് അധ്യാപകനായിരുന്ന ബൽവീന്ദർ സിംഗ് സന്ധു കൊല്ലപ്പെട്ടത്. വീടിന് പുറത്ത് വെച്ച് അദ്ദേഹത്തിന് വെടിയേൽക്കുകയായിരുന്നു. സണ്ണി ടൊറൻ്റോ എന്ന സുഖ്മീത് പാൽ സിംഗ്, ലഖ്വീർ സിംഗ് എന്നിവർ ചേർന്നാണ് സന്ധുവിനെ കൊലപ്പെടുത്തിയതെന്ന് എൻഐഎ സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം, ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ച ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍. കഴിഞ്ഞ 2-3 വര്‍ഷമായി കാനഡ പ്രധാനമന്ത്രിയുടെ ഓഫീസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ഹൈ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചാര പ്രവര്‍ത്തനങ്ങള്‍ താന്‍ ട്രൂഡോയെ അറിയിച്ചുവെന്നും ട്രൂഡോയുടെ പ്രസ്താവന നീതിയെയും സുരക്ഷയെയും പിന്തുണയ്ക്കുന്നുവെന്നും പന്നൂന്‍ പറഞ്ഞു.
കനേഡിയന്‍ വാര്‍ത്താ ചാനലായ സിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. കഴിഞ്ഞ രണ്ട് – മൂന്ന് വര്‍ഷങ്ങളായി സിഖ് ഫോര്‍ ജസ്റ്റിസ് സംഘടന കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍.