പാലക്കാട്: കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ വിങ് കണ്‍വീനറായിരുന്ന ഡോ. പി സരിൻ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും. സിപിഐഎം സ്ഥാനാർത്ഥിയാവാൻ കോൺഗ്രസ് നേതാവായ പി സരിൻ സമ്മതം മൂളിയെന്നാണ് വിവരം. ഇക്കാര്യം സരിൻ നാളെ വാർത്താ സമ്മേളനത്തിൽ അറിയിച്ചേക്കും. സരിൻ സിപിഐഎം സ്ഥാനാർത്ഥിയാവുന്നതോടെ പാലക്കാട് മത്സരം കടുക്കും. എതിർ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും എത്തുന്നതോടെ പാലക്കാട് വാശിയേറിയ പോരാട്ടം നടക്കും.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് പി. സരിന്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ തിരുത്തലുണ്ടാവണമെന്ന ആവശ്യവുമായാണ് കോണ്‍ഗ്രസ് നേതാവ് പി. സരിന്‍ ഇന്ന് രാവിലെ രംഗത്തെത്തിയത്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയാണ് സരിന്‍ രംഗത്തെത്തിയത്.
പാലക്കാട് സ്ഥാനാര്‍ഥിത്വത്തില്‍ സാധ്യതകല്‍പിക്കപ്പെട്ട വ്യക്തികളില്‍ ഒരാളായിരുന്നു സരിന്‍. പാർട്ടി തിരുത്തണമെന്നും പുനരാലോചിക്കണമെന്നും സരിൻ പറഞ്ഞിരുന്നു. എന്നാൽ മുതിർന്ന നേതാക്കളുൾപ്പെടെ സരിനെ തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്. സരിൻ്റെ തുടർ നീക്കങ്ങൾ നിരീക്ഷിക്കാൻ തീരുമാനിച്ച സിപിഐഎം നിലവിൽ പോസിറ്റീവായ തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്.
രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തിയ സിപിഐഎം, സരിൻ പാർട്ടിവിട്ടു വന്നാൽ സ്വീകരിക്കാമെന്ന നിലപാടിലെത്തി. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തിയശേഷം തീരുമാനം പ്രഖ്യാപിക്കും.