ലെബനന്‍: തെക്കൻ ലെബനനിൽ മുനിസിപ്പൽ ആസ്ഥാനത്തിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മേയറടക്കം അഞ്ച് പേർ കൊല്ലപ്പെട്ടതായി വിവരം. നബതിയ നഗരത്തിൽ ബുധനാഴ്ചയാണ് ആക്രമണം നടന്നത്.
ഇറാൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുല്ലയെ പൂർണമായും തകർക്കാനാണ് ഇസ്രയേലിൻ്റെ ശ്രമം. അതിനാൽ തന്നെ സർക്കാർ ഓഫീസുകളും കെട്ടിടങ്ങളും കേന്ദ്രീകരിച്ച് ഇസ്രയേൽ ആക്രമണം തുടങ്ങിയതിനെ ഭീതിയോടെയാണ് ലെബനനിലെ സാധാരണക്കാർ നോക്കിക്കാണുന്നത്.
ഇസ്രയേൽ ആക്രമണത്തെ ലെബനനിലെ കാവൽ പ്രധാനമന്ത്രി നജീബ് മികതി വിമർശിച്ചു. അതേസമയം മേഖലയിലെ നാട്ടുകാരോട് ഒഴിഞ്ഞുപോകാൻ നേരത്തെ നിർദ്ദേശം പുറപ്പെടുവിച്ചിരുന്ന ഇസ്രയേൽ അതിരൂക്ഷമായ ആക്രമണത്തിൻ്റെ സൂചനകൾ നേരത്തെ തന്നെ നൽകിയിരുന്നു.