ദുബൈ: ബെയ്റൂത്ത് ഉൾപ്പെടെ ലബനാന്‍റെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ചു. തെക്കൻ ലബനനിലെ നബത്തിയ നഗരത്തിലെ മുനിസിപ്പൽ ആസ്ഥാനത്ത് ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ മേയർ അഹ്മദ് കലീൽ അടക്കം 16 പേർ കൊല്ലപ്പെട്ടു. 52 പേർക്കു പരുക്കേറ്റു.
നബ്തിയയുടെ പരിസരങ്ങളിലുടനീളം നടന്ന കനത്ത വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഗസ്സയിലും ആക്രമണം വ്യാപകമാണ്. ആറിടങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 65 പേരാണ് കൊല്ലപ്പെട്ടത്. 140 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഉപരോധം തുടരുന്ന വടക്കൻ ഗസ്സയിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് യു.എൻ ഏജൻസികൾ വ്യക്തമാക്കി. പ്രദേശത്തെ മൂന്ന് ആശുപത്രികളിലെയും സ്ഥിതി ദുരന്തപൂർണമാണ്. കമാൽ അദ്‍വാൻ, അൽഔദ, ഇന്തോനേഷ്യൻ ആശുപത്രികളിലായി നൂറുകണക്കിന് രോഗികളാണ് ആവശ്യമായ ചികിത്സയും അടിയന്തര സേവനങ്ങളും ലഭിക്കാതെ നരകിക്കുന്നത്.
രാത്രി ചേർന്ന യു.എൻ രക്ഷാസമിതി യോഗം ഗസ്സയിലെയും ലബനാനിലെയും സ്ഥിതിഗതികളിൽ അതീവ ആശങ്ക രേഖപ്പെടുത്തി. ഗസ്സയിൽ ജനങ്ങളെ പട്ടിണിക്കിടാനുള്ള ഇസ്രായേൽ നീക്കത്തോട് യോജിപ്പില്ലെന്ന് രക്ഷാസമിതിയിൽ അമേരിക്ക വ്യക്തമാക്കി. സമാധാന സേനയെ ലബനാനിൽനിന്ന് പിൻവലിക്കണമെന്ന ഇസ്രായേൽ ആവശ്യം യു.എൻ തള്ളി.
സേനയെ പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് യൂറോപ്യൻ യൂനിയനും പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം അംഗീകരിക്കാനാവില്ലെന്ന് ബ്രസൽസിൽ ചേർന്ന യൂറോപ്യൻ യൂനിയൻ, ഗൾഫ് ഉച്ചകോടി വ്യക്തമാക്കി. അതിനിടെ, ഇറാനെതിരെ ശക്തമായ പ്രത്യാക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ട് നെതന്യാഹുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ സമിതി യോഗം ചർച്ച നടത്തി.