പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയാവാൻ കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിൻ സമ്മതം മൂളിയെന്ന വാർത്തകളിൽ ഇന്ന് കൂടുതൽ വ്യക്തത വരും. ഇക്കാര്യം സരിൻ ഇന്ന് നടത്തുന്ന വാർത്താ സമ്മേളനത്തിൽ അറിയിക്കുമെന്നാണ് റിപ്പോർട്ട്. സരിൻ സിപിഎം സ്ഥാനാർത്ഥിയാവുന്നതോടെ പാലക്കാട് മത്സരം കടുക്കും. എതിർ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും എത്തുന്നതോടെ പാലക്കാട് വാശിയേറിയ മത്സരമായിരിക്കും കാഴ്ച്ച വെക്കുക.
ഇന്നലെവരെ കോൺഗ്രസിലാണ് പ്രവർത്തിച്ചതെന്നായിരുന്നു സരിൻ മാധ്യമങ്ങളോട് പറഞ്ഞത്. 11.45ന് വാർത്താ സമ്മേളനം നടത്തും. പറയേണ്ട കാര്യങ്ങൾ അവിടെ പറയും. ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളിൽ തുടർച്ചയും വ്യക്തതയും ഉണ്ടാകുമെന്നും സരിൻ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സരിൻ പരസ്യമായി രംഗത്തെത്തിയിരുന്നു. സീറ്റ് നിഷേധിച്ചതിൽ കടുത്ത അതൃപ്തിയിലാണ് സരിൻ.
താൻ പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള ശ്രമം തുടരുമെന്നും ഇന്നലെവരെ കോൺഗ്രസിന് ഒപ്പമായിരുന്നെന്നും സരിൻ വിശദീകരിച്ചു. ഇടതു സ്വതന്ത്രനാകുമോയെന്ന ചോദ്യത്തിനോട് സരിൻ പ്രതികരിച്ചില്ല. കോൺഗ്രസിനൊപ്പം നിൽക്കുമോയെന്ന ചോദ്യത്തിന്, ഇന്നലെ ഉറച്ച് നിൽക്കുകയായിരുന്നു, ആ ഉറപ്പിന് ഒരു മാറ്റവും വന്നിട്ടില്ലെന്നായിരുന്നു മറുപടി. കോൺഗ്രസ് വിട്ടുവന്നാൽ സരിനെ സ്വീകരിക്കാമെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിർന്ന നേതാക്കൾ അവഗണിച്ചെന്നതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും പി സരിൻ രംഗത്തെത്തിയിരുന്നു. പാലക്കാട് സ്ഥാനാർത്ഥിത്വത്തിൽ പുനർചിന്തനം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കത്തയച്ചിരുന്നുവെന്ന് സരിൻ പറഞ്ഞു. വെള്ളക്കടലാസിൽ അച്ചടിച്ചു വന്നാൽ സ്ഥാനാർത്ഥിത്വം പൂർണ്ണമാകില്ലെന്ന് പറഞ്ഞ സരിൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പുനർവിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പി സരിനെ തള്ളി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. പാർട്ടി തീരുമാനത്തിന് വിധേയപ്പെട്ട് പോവുക എന്നതാണ് ഉത്തരവാദിത്തമെന്ന് ചൂണ്ടിക്കാട്ടിയ തിരുവഞ്ചൂർ, പി സരിൻ നേതൃത്വത്തിന് കീഴടങ്ങണമെന്നും ആവശ്യപ്പെട്ടു. സരിൻ കോൺഗ്രസ് സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കണം. പാർട്ടിയുടെ തീരുമാനം വന്നു. അതിന് വിധേയപ്പെട്ട് പോകണം എന്നാണ് ആഗ്രഹം. അതിനെ മറികടന്ന് സരിൻ പോകുമെന്ന് കരുതുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കേട്ടാണ് ഹൈക്കമാൻഡിന് ലിസ്റ്റ് കൈമാറിയത്. പാർട്ടി തീരുമാനം കാത്തിരുന്ന് കാണാമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.
സരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. പാലക്കാട് യാതൊരു പ്രശ്‌നവുമില്ല. മികച്ച സ്ഥാനാർത്ഥിയെയാണ് കൂടിയാലോചനയിലൂടെ പ്രഖ്യാപിച്ചത്. ഷാഫി പറമ്പിലിനേക്കാൾ ഭൂരിപക്ഷം രാഹുലിന് ലഭിക്കും. പാലക്കാട്ടെ സെക്കുലർ വോട്ടുകൾ രാഹുലിന് ലഭിക്കും. രാഹുലിന് ഷാഫിയുടെ മേൽവിലാസം ഉള്ളത് തന്നെ ഒരു അധിക യോഗ്യത ആണ്. പത്രസമ്മേളനത്തിനു മുൻപ് സരിനുമായി താൻ സംസാരിച്ചിരുന്നുവെന്നും അച്ചടക്ക നടപടിയെടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.
CONTENT HIGHLIGHT: p-sarin-will-not-resign-from-congress