പാലക്കാട്: ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് കോണ്‍ഗ്രസ് നേതാവ് പി. സരിന്‍. രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. താന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയാണ്. അതിന് സ്ഥാനാര്‍ഥിത്വത്തിന്റെ നിറം നല്‍കേണ്ട. സി.പി.എം ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകുമെന്നും സരിന്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തിലാണ് സരിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും പാലക്കാടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ ശേഷമാണ് സരിന്‍ പാര്‍ട്ടി മാറ്റം പ്രഖ്യാപിച്ചത്.
പി.സരിന്റെ വാക്കുകൾ
ഞാനാണ് രാജ്യമെന്ന് വിളിച്ചുപറഞ്ഞ ചക്രവർത്തിയെപ്പോലെയാണ് സതീശൻ. ഞാനാണ് പാർട്ടിയെന്ന രീതിയിലേക്ക് പാർട്ടിയെ മാറ്റിയെടുത്ത് കോൺഗ്രസിലെ ജനാധിപത്യം തകർത്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായതിന് പിന്നിലെ കഥകൾ മാധ്യമങ്ങൾ ഇനിയെങ്കിലും അന്വേഷിക്കണം. അതൊരു അട്ടിമറി ആയിരുന്നെന്നും അത് എങ്ങനെ നടപ്പിലായതെന്നും മനസിലാക്കാതെ പോയതിന്റെ ഫലമാണ് ഇത്. പുതിയമുഖം കടന്നുവരുന്നതിന്റെ ആവേശത്തിൽ ആയിരുന്ന കോൺഗ്രസ് അതിൽ അസ്വാഭാവികത കണ്ടില്ല. എന്നാൽ അത് നല്ല മാറ്റമല്ലെന്ന് വൈകാതെ കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിഞ്ഞു.
ഏകീകൃത സിവിൽകോഡ് വിഷയത്തിൽ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ഐക്യമുണ്ടാക്കി ബിജെപിക്കെതിരെ സമരം ചെയ്തു. അങ്ങനെ ചെയ്താൽ പ്രതിപക്ഷത്തിന് വിലയില്ലെന്ന് വരുത്തി. ബിജെപിയെ അല്ല സിപിഎമ്മിനെ ആണ് നേരിടേണ്ടതെന്ന് വരുത്താനുള്ള ശ്രമം നടത്തി. സിപിഎം വിരുദ്ധതയുടെ മേലങ്കിയണിഞ്ഞ് മൃദു ബിജെപി സമീപനത്തിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തെ അപകടപ്പെടുത്തുന്ന രീതിയിലേക്ക് സതീശൻ വഴിതിരിച്ചുവിട്ടു. ഇത് ചോദ്യംചെയ്തില്ലെങ്കിൽ കോൺഗ്രസ് തകരും.
2024ലെ വടകര ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ തോൽപ്പിക്കേണ്ടത്, ബിജെപി ഏതുനിമിഷവും പിടിച്ചെടുക്കാവുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയെക്കൊണ്ടു തന്നെയാണെന്ന് കോൺഗ്രസ് തീരുമാനിച്ചത് എന്തിനാണ്. പാലക്കാട്ടെ കോൺഗ്രസിന്റെ നീക്കത്തിൽ ആത്യന്തിക ഗുണഭോക്താവ് ബിജെപിയായിരിക്കും എന്നറിഞ്ഞിട്ടും വടകരയിൽ ഷാഫിയെ മത്സരിപ്പിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കൽപ്പാത്തി രഥോത്സവമായ 13ന് മുമ്പ് നടത്തണമെന്ന് പ്രതിപക്ഷനേതാവ് ബോധപൂർവം കത്തെഴുതിയത് 13ന് തന്നെ തിരഞ്ഞെടുപ്പ് നടക്കണമെന്ന നിർബന്ധബുദ്ധിയോടെയാണ്. 13ന് തന്നെ തിരഞ്ഞെടുപ്പ് നടന്നാൽ ചില വോട്ടുകൾ കൂടുതലായി ചിലർക്ക് കിട്ടും എന്നത് യാഥാർഥ്യമാണ്.
ഒരാഴ്ച മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ എന്നെ വിളിച്ചിരുന്നു. ഭീഷണിയുടെയോ താക്കീതിന്റെയോ സ്വരത്തിലായിരുന്നു സംസാരം. പ്രതിപക്ഷനേതാവിനെ മാതൃകയാക്കിയാണ് രാഹുലിന്റെ പ്രവർത്തനം. വളർന്നുവരുന്ന കുട്ടി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ. കെ.കരുണാകരനെയും അദ്ദേഹത്തിന്റെ പത്നിയെയും അപമാനിച്ച രാഹുലിനുള്ള മറുപടി പാലക്കാട്ടെ ജനങ്ങൾ നൽകും. ക്യാമറയുടെ മുന്നിൽ കെട്ടിയാടേണ്ട വേഷങ്ങളല്ല ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിൽ കാണേണ്ടത്. ആളെ അറിയിച്ചല്ല പ്രാർഥിക്കേണ്ടത്. ഇന്ന് കളിച്ച നാടകത്തിന് ചാണ്ടി ഉമ്മൻ മറുപടി നൽകിയെന്ന് മനസിലാക്കുന്നു. മണിയടി രാഷ്ട്രീയത്തിന്റെ വക്താവാണ് രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസിലെ, കെഎസ്‌യുവിലെ, യൂത്ത് കോൺഗ്രസിലെ യുവാക്കളെ വഴിതെറ്റിക്കും.
content highlight: sarin-press-conference