തിരുവനന്തപുരം∙ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പി.സരിനെ പുറത്താക്കി കോൺഗ്രസ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിനു പിന്നാലെ പാർട്ടിയുമായി ഇടഞ്ഞ് പത്രസമ്മേളനം വിളിച്ച് അതൃപ്തി വ്യക്തമാക്കിയതിനു പിന്നാലെയാണ് നടപടി. ‘ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി.സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പുറത്താക്കി‘–ജനറൽ സെക്രട്ടറി എം.ലിജു വാർത്താക്കുറിപ്പിൽ അറിയിച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പി.സരിന്റെ വാക്കുകൾ
ഞാനാണ് രാജ്യമെന്ന് വിളിച്ചുപറഞ്ഞ ചക്രവർത്തിയെപ്പോലെയാണ് സതീശൻ. ഞാനാണ് പാർട്ടിയെന്ന രീതിയിലേക്ക് പാർട്ടിയെ മാറ്റിയെടുത്ത് കോൺഗ്രസിലെ ജനാധിപത്യം തകർത്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായതിന് പിന്നിലെ കഥകൾ മാധ്യമങ്ങൾ ഇനിയെങ്കിലും അന്വേഷിക്കണം. അതൊരു അട്ടിമറി ആയിരുന്നെന്നും അത് എങ്ങനെ നടപ്പിലായതെന്നും മനസിലാക്കാതെ പോയതിന്റെ ഫലമാണ് ഇത്. പുതിയമുഖം കടന്നുവരുന്നതിന്റെ ആവേശത്തിൽ ആയിരുന്ന കോൺഗ്രസ് അതിൽ അസ്വാഭാവികത കണ്ടില്ല. എന്നാൽ അത് നല്ല മാറ്റമല്ലെന്ന് വൈകാതെ കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിഞ്ഞു.
ഏകീകൃത സിവിൽകോഡ് വിഷയത്തിൽ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ഐക്യമുണ്ടാക്കി ബിജെപിക്കെതിരെ സമരം ചെയ്തു. അങ്ങനെ ചെയ്താൽ പ്രതിപക്ഷത്തിന് വിലയില്ലെന്ന് വരുത്തി. ബിജെപിയെ അല്ല സിപിഎമ്മിനെ ആണ് നേരിടേണ്ടതെന്ന് വരുത്താനുള്ള ശ്രമം നടത്തി. സിപിഎം വിരുദ്ധതയുടെ മേലങ്കിയണിഞ്ഞ് മൃദു ബിജെപി സമീപനത്തിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തെ അപകടപ്പെടുത്തുന്ന രീതിയിലേക്ക് സതീശൻ വഴിതിരിച്ചുവിട്ടു. ഇത് ചോദ്യംചെയ്തില്ലെങ്കിൽ കോൺഗ്രസ് തകരും.
2024ലെ വടകര ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ തോൽപ്പിക്കേണ്ടത്, ബിജെപി ഏതുനിമിഷവും പിടിച്ചെടുക്കാവുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയെക്കൊണ്ടു തന്നെയാണെന്ന് കോൺഗ്രസ് തീരുമാനിച്ചത് എന്തിനാണ്. പാലക്കാട്ടെ കോൺഗ്രസിന്റെ നീക്കത്തിൽ ആത്യന്തിക ഗുണഭോക്താവ് ബിജെപിയായിരിക്കും എന്നറിഞ്ഞിട്ടും വടകരയിൽ ഷാഫിയെ മത്സരിപ്പിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കൽപ്പാത്തി രഥോത്സവമായ 13ന് മുമ്പ് നടത്തണമെന്ന് പ്രതിപക്ഷനേതാവ് ബോധപൂർവം കത്തെഴുതിയത് 13ന് തന്നെ തിരഞ്ഞെടുപ്പ് നടക്കണമെന്ന നിർബന്ധബുദ്ധിയോടെയാണ്. 13ന് തന്നെ തിരഞ്ഞെടുപ്പ് നടന്നാൽ ചില വോട്ടുകൾ കൂടുതലായി ചിലർക്ക് കിട്ടും എന്നത് യാഥാർഥ്യമാണ്.
ഒരാഴ്ച മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ എന്നെ വിളിച്ചിരുന്നു. ഭീഷണിയുടെയോ താക്കീതിന്റെയോ സ്വരത്തിലായിരുന്നു സംസാരം. പ്രതിപക്ഷനേതാവിനെ മാതൃകയാക്കിയാണ് രാഹുലിന്റെ പ്രവർത്തനം. വളർന്നുവരുന്ന കുട്ടി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ. കെ.കരുണാകരനെയും അദ്ദേഹത്തിന്റെ പത്നിയെയും അപമാനിച്ച രാഹുലിനുള്ള മറുപടി പാലക്കാട്ടെ ജനങ്ങൾ നൽകും. ക്യാമറയുടെ മുന്നിൽ കെട്ടിയാടേണ്ട വേഷങ്ങളല്ല ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിൽ കാണേണ്ടത്. ആളെ അറിയിച്ചല്ല പ്രാർഥിക്കേണ്ടത്. ഇന്ന് കളിച്ച നാടകത്തിന് ചാണ്ടി ഉമ്മൻ മറുപടി നൽകിയെന്ന് മനസിലാക്കുന്നു. മണിയടി രാഷ്ട്രീയത്തിന്റെ വക്താവാണ് രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസിലെ, കെഎസ്‌യുവിലെ, യൂത്ത് കോൺഗ്രസിലെ യുവാക്കളെ വഴിതെറ്റിക്കും.
content highlight: congress-expels-sarin-palakkad