തലസ്ഥാന നഗരത്തിന്റെ ജീവനാഡിപോലെ ഒഴുകുന്ന ആറാണ് കരമനയാര്‍. നിരവധി ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന ഈ ആറ് ഇപ്പോള്‍ കോളിഫോം ബാക്ടീരിയയുടെ ഈറ്റില്ലമായി മാറിയിരിക്കുകയാണ്. ഒരു മില്ലിലിറ്റര്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് 24,000 ആണെന്നാണ് പുതിയ കണ്ടെത്തല്‍. ഇത് ഞെട്ടിക്കുന്ന കണക്കാണ്. ഒരു മില്ലിലിറ്റര്‍ വെള്ളത്തില്‍ 2,500 ആണ് പരമാവധി അനുവദനീയമായ അളവ്.
ഇതിന്റെ പത്തിരട്ടിയില്‍ അധികമാണ് കോളിഫോം ബാക്ടീരിയയുടെ അളവെന്നു തിരിച്ചറിയുമ്പോള്‍ പുഴയോര നടത്തമല്ല, നടത്തേണ്ടത്. പുഴയോര ഓട്ടമാണ് വേണ്ടത്. ആറിനെ ശുദ്ധമാക്കാനുള്ള തീവ്രയജ്ഞവുമായുള്ള ഓട്ടം. അതല്ലെങ്കില്‍ സമീപഭാവിയില്‍ തന്നെ കരമനയാറുമായി ബന്ധപ്പെട്ടു ജീവിക്കുന്നവര്‍ക്കെല്ലാം രോഗങ്ങള്‍ പടരാന്‍ സാധ്യത കൂടുതലാണ്. കരമനയാറിനെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങള്‍ തലസ്ഥാന നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമുണ്ട്.
കരമന നദിയിലെ ജലത്തില്‍ പിഎച്ച് നില(PH Value)വളരെ കുറവാണെന്നും, വെള്ളത്തിലെ അമ്ലാംശത്തിന്റെ തോത് വളരെ കൂടുതലാണെന്നും ഫിഷറീസ് വകുപ്പ് 2021ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജലത്തില്‍ ഓക്‌സിജന്റെ അളവും കുറവാണ്. മലിനീകരണം കൂടുതലാണെന്നും അന്ന് കണ്ടെത്തിയിരുന്നു. ശുദ്ധജലത്തിന്റെ പിഎച്ച് നില 7 ആണ്. പിഎച്ച് നില 7ല്‍ താഴെയാണെങ്കില്‍ വെള്ളത്തിന് അമ്ലത കൂടുതലായിരിക്കും. കരമനയാറ്റിലെ പിഎച്ച് നില 5 ആണെന്നും ഫിഷറീസ് വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
അമ്ലാംശം കൂടുതലായ വെള്ളത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാവുന്ന വിഷ ലോഹങ്ങള്‍ ഉയര്‍ന്ന തോതിലുണ്ടാകും, വെള്ളത്തില്‍ പുളിപ്പും ഉണ്ടാകും.മലിനീകരണം രൂക്ഷമാണെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍ കണ്ടെത്തിയ സംസ്ഥാനത്തെ 21 നദികളില്‍ ഒന്നാം സ്ഥാനം കരമനയാറായിരുന്നു. തലസ്ഥാനത്തെ പ്രധാന ശുദ്ധജല സ്രോതസ്സായ കരമനയാര്‍ നഗരത്തിന്റെ മാലിന്യവാഹിനിയായി മാറിയിട്ട് നാളുകള്‍ ഏറെയായി.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ഏറ്റവും മലിനമായ നദികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് കരമനയാറിന്. കരമനയാറിനെ മാലിന്യമുക്തമാക്കാനും സംരക്ഷിക്കാനുമുള്ള പദ്ധതികള്‍ പ്രഖ്യാപനങ്ങളിലൊതുങ്ങിയിരിക്കുകയാണ്. എന്നാല്‍, നദിയുടെ അപകടാവസ്ഥയും, ജലത്തിന്റെ വിഷാംശവും ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തണം. അതിനുവേണ്ടി ജനങ്ങളെ ബോധ വത്ക്കരിക്കുകയെന്ന ലക്ഷ്യമാണ് റിവര്‍ വാക്കര്‍ ഓര്‍ഗനൈസേഷനുള്ളത്.
അതിനായാണ് പുഴയോര നടത്തം സംഘടിപ്പിക്കുന്നതും. ഒരു മണിക്കൂര്‍ നീണ്ട നടത്തത്തിനാണ് പദ്ധതിയിട്ടിരിക്കുന്നത്. കരമനയാറിനെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കരമനയാറിന്റെ തീരത്തു കൂടി ശനിയാഴ്ച നടത്തം സംഘടിപ്പിക്കുന്നു. പാപ്പനം കോടിനു സമീപമുള്ള പാറയില്‍ കടവില്‍ നിന്നു രാവിലെ 9 ന് തുടങ്ങുന്ന നടത്തം ഒരു മണിക്ക് ആഴാങ്കലില്‍ സമാപിക്കും.റിവര്‍വാക്ക് ഓര്‍ഗനൈസിംഗ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുഴയോര നടത്തം സംഘടിപ്പിക്കുന്നത്.
കരമന എന്‍.എസ്.എസ്. വനിതാ കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വിദ്യാര്‍ത്ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും നടത്തത്തില്‍ പങ്കാളികളാകും. നഗരത്തിന്റെ ജീവനാഡിയായ കരമനയാറിനെ ശുദ്ധജല സ്രോതസായി നിലനിര്‍ത്തണമെന്നാണ് പുഴ സംരക്ഷകരുടെ ആവശ്യം. എന്നാല്‍, ഇത് പുഴ നടത്തം കൊണ്ടു മാത്രം സാധ്യമാകുന്നതല്ല. അതിനെ സംരക്ഷിക്കണമെങ്കില്‍ നഗരസഭയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സജീവമായി ഇറങ്ങണം. എന്നാല്‍, പുഴ നടത്തം എന്നത്, ഒരു മാതൃകയാണ്. എല്ലാവരും ഇതേ മാതൃകയില്‍ പുഴയെ സംരക്ഷിക്കാനിറങ്ങിയാല്‍ ജലസംരക്ഷണം സാധ്യമാക്കാന്‍ കഴിയും.
നഗരവല്‍ക്കരണവും മാലിന്യ സംസ്‌ക്കരണത്തിന് ആവശ്യമായ സംവിധാനമില്ലാത്തതുമാണ് മലിനീകരണത്തിന്റെ പ്രധാന കാരണങ്ങള്‍. ശുചിമുറി മാലിന്യവും അറവുശാലകളിലെ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാനുമുള്ള ഇടമായി നദി മാറി.നദീ ജലത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിച്ച് മലിനീകരണ തോത് കണക്കാക്കുന്ന ബയോ കെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ്(ബിഒഡി)നിരക്ക് കരമനയാറില്‍ ലീറ്ററില്‍ 7.3 മില്ലിഗ്രാം വരെയാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കരമനനദിയെ മാലിന്യമുക്തമാക്കാന്‍ തയാറാക്കിയ വിശദ പദ്ധതി റിപ്പോര്‍ട്ട് അംഗീകാരത്തിനായി കേരളം ദേശീയ നദീസംരക്ഷണ ഡയറക്ടറേറ്റിന് (എന്‍.ആര്‍.സി.ഡി) മാസങ്ങള്‍ക്കു മുന്‍പ് സമര്‍പ്പിച്ചിരുന്നു. പരിശോധിച്ച ശേഷം ചില നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തി എന്‍.ആര്‍.സി.ഡി മടക്കി നല്‍കിയെങ്കിലും ഇതു വരെ കേരളം മറുപടി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തലസ്ഥാന നഗരത്തിലെ സ്വീവേജ് ലൈനുകള്‍ 1955ലാണ് കമ്മിഷന്‍ ചെയ്തതെങ്കിലും ഇതു വരെ കാലത്തിന് അനുസരിച്ച് കേരളം മാറ്റം വരുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തലസ്ഥാന നഗരത്തിന്റെ ജീവനാഡിയായിരുന്നു ഒരുകാലത്ത് കരമനയാര്‍. കരമനയിലൂടെ ഒഴുകിയിരുന്നതിനാലാണ് 68 കിലോമീറ്റര്‍ നീളം വരുന്ന ജലപ്രവാഹത്തിന് കരമനയാര്‍ എന്ന പേര് ലഭിച്ചത്. സഹ്യനിരകളിലെ ചെമ്മുഞ്ഞിമലയില്‍ നിന്ന് ഉത്ഭവിച്ച് കാവിയാര്‍, അട്ടയാര്‍, വായപ്പാടിയാര്‍, തോടയാര്‍ എന്നീ അരുവികളിലായി ഒഴുകിയിറങ്ങി ഒന്നു ചേര്‍ന്ന രൂപമാണ് കരമനയാര്‍. വട്ടിയൂര്‍ക്കാവിനടുത്ത് വച്ച് തിരുവനന്തപുരം നഗരത്തില്‍ പ്രവേശിക്കുന്ന കരമനയാര്‍, കിഴക്കുള്ള കാട്ടാക്കട താലൂക്കുമായി അതിര്‍ത്തി പങ്കിടുന്നു. മങ്കാട്ടുകടവ് കഴിയുന്നതോടെ നദി നഗരത്തിന് സ്വന്തം. തിരുവല്ലത്തിനു സമീപം പനത്തുറ വച്ച് അറബിക്കടലില്‍ ചേരുന്നതിനു മുന്‍പ് കിള്ളിയാറും പാര്‍വതി പുത്തനാറും കരമനയാറില്‍ ലയിക്കുന്നു.
CONTENT HIGHLIGHTS;Karamananayar Eticulum of coliform bacteria; Riverwalk with riverside walk for conservation