ഈ മാസം 19നു നടക്കുന്ന തിരുവനന്തപുരം പോലീസ് സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പ് സമാധാനപൂര്‍വം നടത്താന്‍ കര്‍ശന നിരീക്ഷണവും സുരക്ഷയും ഒരുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഭരണ സ്വാധീനം ഉപയോഗിച്ച് വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമം നടക്കുന്നതിനാല്‍ ഹൈക്കോടതി ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നിലവിലെ ഭരണസമിതി പ്രസിഡന്റ് ജി ആര്‍ അജിത്ത് സമര്‍പ്പിച്ച അപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
വോട്ട് രേഖപ്പെടുത്തി മൊബൈല്‍ ഫോണില്‍ പകര്‍ത്തി കാണിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സംഘടനാ ഭാരവാഹികള്‍ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിനാല്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പോളിംഗ് സ്റ്റേഷന് നൂറു മീറ്റര്‍ ചുറ്റളവില്‍ കൂട്ടംകൂടുന്നത് തടയണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം പോലീസുകാരുടെ സഹകരണ സംഘം തെരഞ്ഞെടുപ്പിലാണ് നടക്കുന്നത്.
ഒരു സഹകരണ സംഘത്തിന്റെ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിവില്ലാത്തവരാണ് പൊലീസെങ്കില്‍ സംസ്ഥാനത്തെ ക്രമസമാധാനം നിലനിര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കില്ലെന്ന് വിശ്വസിക്കേണ്ടിവരുമെന്ന് ഹൈേേക്കാടതി നേരത്തെ ഒരു കേസിന്റെ വാദത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പൊലീസിന്റെ പ്രധാന കടമ ക്രമസമാധാന പാലനവും അക്രമങ്ങള്‍ തടയലുമാണ്. നിയമവാഴ്ചയുടെ അടിത്തറയായ പൊലീസ് സംവിധാനം തകര്‍ന്നാല്‍ മറ്റെല്ലാം തകരും. ഏത് സമയവും ജനത്തിന്റെ സുരക്ഷക്കും സംരക്ഷണത്തിനുമുള്ള ഉത്തരവാദിത്തം പൊലീസിനുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
അതേ പോലീസിന്റെ സഹകരണ സംഘത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പോലീസുകാര്‍ തന്നെ രണ്ടു ചേരിയായി തിരിഞ്ഞ് കള്ളവോട്ടും, തിരമറികളും നടത്തുന്നുവെന്ന് ആക്ഷേപം ഉന്നയിക്കുമ്പോള്‍ വിശ്വാസം നഷ്ടപ്പെടുക തന്നെ ചെയ്യും. പോലീസുകാരുടെ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടുണ്ടാകാതിരിക്കാനും അട്ടിമറി ശ്രമം നടക്കാതിരിക്കാനുമാണ് DGPയോട് സുരക്ഷ ഏര്‍പ്പെടുത്താന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. നിലവിലെ ഭരണസമിതി തങ്ങളോട് അനുഭാവമുള്ള ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ എത്തിച്ചു നല്‍കുന്നതായാണ് പരാതി.
സംഘത്തിലെത്തി രജിസ്റ്ററില്‍ ഒപ്പിട്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈപ്പറ്റുന്നതിന് പകരം സംഘത്തില്‍ വരാതെ 6 ബി രജിസ്റ്ററില്‍ അംഗങ്ങളുടെ വ്യാജ ഒപ്പിട്ട് അവരുടെ യൂണിറ്റുകളിലും വീടുകളിലും തിരിച്ചറിയല്‍ കാര്‍ഡുകള്‍ എത്തിച്ച് നിലവിലെ ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള ശ്രമം നടത്തുന്നതായാണ് പൊലീസ് സംഘടനകള്‍ ആരോപിക്കുന്നത്.
പാനലിലെ സ്ഥാനാര്‍ത്ഥികള്‍ സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷനും, ഡിജിപിക്കും,കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ക്ക് ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് 16-10-2024 ല്‍ സംഘത്തിലെ 6 ബി രജിസ്റ്ററുകള്‍ തെരഞ്ഞെടുപ്പ് വരണാധികാരി സീല്‍ ചെയ്തിരുന്നു. സംഘത്തില്‍ എത്താതെ ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
CONTENT HIGHLIGHTS;Police Cooperative Elections: Attempt to Intimidate Voters; High Court directs DGP to provide tight security