Travel

മലമുകളിലെ കുതിരവണ്ടി വഴി സായിപ്പ് ഊട്ടിയിലേക്ക് യാത്ര ചെയ്ത മനോഹരമായ വഴി

തെക്കേ ഇന്ത്യയിലെ കേരളത്തിലെ പാലക്കാട് ജില്ലയിൽ പാലക്കാടിനു സമീപം മലമ്പുഴയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കൈവഴിയായ മലമ്പുഴ നദിയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ മലമ്പുഴ അണക്കെട്ട്. പശ്ചിമഘട്ട മലനിരകളുടെ ഹരിതാഭമായ ആലിംഗനത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന മലമ്പുഴ ഉദ്യാനവും അണക്കെട്ടും കേരളത്തിൻ്റെ ഒരു കിരീടമണിയാണ്, അതിൻ്റെ സൗന്ദര്യവും ശാന്തതയും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്നു.

 

മലമ്പുഴ ഡാമിൻ്റെ വടക്കുഭാഗത്തുള്ള പശ്ചിമഘട്ട നിരകളിൽ ബ്രിട്ടീഷുകാർ കാപ്പി, ചായ, ഏലം, മുന്തിരിത്തോട്ടങ്ങൾ സ്ഥാപിച്ചിരുന്നു. ഇതോടനുബന്ധിച്ച് തൊഴിൽലായങ്ങളും, കുതിരലായങ്ങളും, വിശ്രമമാളികകളും, പള്ളികളും, ഗോഡൗണുകളും, സെമിത്തേരികളും,വണ്ടിവഴികളും ഉണ്ടായിരുന്നു. നീലഗിരിയെ മുട്ടി നിൽക്കുന്ന അട്ടപ്പാടി മുതൽ തമിഴ്നാട് കോയമ്പത്തൂരിലെ പോത്തനൂർ വരെയുള്ള പശ്ചിമഘട്ട ബെൽറ്റിലാണ് തോട്ടമേഖലയുള്ളത്. സായിപ്പിൻ്റെ വേനൽക്കാല വിശ്രമവസതികളും ഇവിടെയുണ്ട്. എല്ലാം യൂറോപ്യൻ വാസ്തുശിൽപകലയിലാണ് നിർമ്മാണം. മലമുകളിലെ കുതിരവണ്ടി വഴി സായിപ്പ് ഊട്ടിയിലേക്ക് യാത്ര ചെയ്യാറുണ്ട്. മറ്റൊരു പ്രത്യേകത എന്തെന്നാൽ ഈ തോട്ടങ്ങളിലെ വിളവുകൾ റെയിൽപാളങ്ങളിലൂടെ കുതിരകൾ വലിക്കുന്ന ട്രെയിനിൽ കയറ്റി ഇങ്ങേയറ്റത്ത് മലമ്പുഴ കരിമല ഭാഗത്തെത്തി, അവിടെ നിന്നും താഴോട്ട് ഇറങ്ങി പോത്തനൂർ റയിൽവേ സ്‌റ്റേഷനിലെത്തിക്കുന്നു എന്നതാണ്. പോത്തനൂരിൽ നിന്നും പാലക്കാട് വഴി കൊച്ചി ഹാർബർ സ്റ്റേഷനിലെത്തിച്ച് കപ്പൽ കയറ്റും .

കോഴിക്കോട് സർവ്വേ ആർക്കൈവ്സിൽ നിന്നും ലഭ്യമാക്കിയ ബ്രിട്ടീഷ് സർവ്വേ രേഖകളിൽ ഈ റെയിൽ പാളം രേഖപ്പെടുത്തിയതായി ഈ ലേഖകൻ നേരിൽക്കണ്ടിട്ടുണ്ട്. ബ്രിട്ടീഷുകാർ പോയ ശേഷം തോട്ടങ്ങൾ കാട്പിടിച്ച് നിബിഢവനമായി. കെട്ടിടങ്ങളും, പാളങ്ങളും ജീർണ്ണിച്ചു. വേനൽക്കാല വിശ്രമവസതിയായ “പാലമല ബംഗ്ളാവ് ” നശിച്ചു വികൃതമായി.പക്ഷെ ഉൾവനത്തിൽ കാപ്പിയും, തേയിലയും, ഏലവും, മുന്തിരിയും ഇപ്പോഴും തളിരിട്ട്, പൂവിട്ട് കായ്ച്ചു കൊണ്ടിരിക്കുന്നതായി വനവാസികൾ പറയുന്നു. അട്ടപ്പാടി – ഊട്ടി വഴി മാർഗ്ഗം ഹൈദരാലി നിർമ്മിച്ചതാണെന്നും, അത് ബ്രിട്ടീഷുകാർ പിടിച്ചടക്കിയതാണെന്നും ചരിത്രരേഖകൾ പറയുന്നു.