വാടക കെട്ടിടങ്ങള്‍ക്ക് ജിഎസ്ടി നിര്‍ബന്ധമാക്കിയ തീരുമാനം ചെറുകിട കച്ചവടക്കാരെ തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ ഫലമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്‌സ് ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് പറഞ്ഞു. വന്‍കിട ഓണ്‍ലൈന്‍ കുത്തകകള്‍ക്ക് ജിഎസ്ടി കൗണ്‍സിലില്‍ ഇത്രമേല്‍ അവിഹിത സ്വാധീനമുണ്ടെന്നത് റീട്ടെയില്‍ വ്യാപാര മേഖലയിലും പൊതുസമൂഹത്തിലും വലിയ ആശങ്കയാണ് പരത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വ്യാപാരികളില്‍ 80% പേരും വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
പിതാവിന്റെ പേരിലുള്ള കെട്ടിടത്തില്‍ മക്കള്‍ക്ക് വ്യാപാരം തുടങ്ങണമെങ്കില്‍ പോലും പ്രസ്തുത നിയമം ബാധകമെന്നതും വിഷയത്തിന്റെ തീവ്രത കൂട്ടുന്നു. വാര്‍ഷിക വിറ്റു വരവ് കുറവായതിന്റെ പേരില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത വ്യാപാരികളും, ജിഎസ്ടി കോമ്പോസിഷന്‍ സ്‌കീം സ്വീകരിച്ച വ്യാപാരികള്‍ക്കും കൂടുതല്‍ ദുരിതമാണ് ഇത് സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത വിഷയം അതീവ ഗൗരവത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൃത്യമായി പെടുത്തുമെന്നും ആയതിന്‍മേല്‍ നടപടി ഉണ്ടായില്ലെങ്കില്‍ ജനകീയ സമരങ്ങള്‍ക്ക് സംഘടന രൂപം കൊടുക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. നസീര്‍, സംസ്ഥാന ട്രഷറര്‍ കെ. എം. നാസറുദ്ദീന്‍ നേതാക്കളായ സര്‍വശ്രീ. കെ. പി. ശ്രീധരന്‍, പ്രസാദ് ജോണ്‍ മാമ്പ്ര, ഗുരുവായൂര്‍ റ്റി. എന്‍. മുരളി, ഷഹാബുദീന്‍ ഹാജി, നടക്കാവ് സുധാകരന്‍, അസീം മീഡിയ, ദുര്‍ഗ്ഗാ ഗോപാലകൃഷ്ണന്‍, നദീര്‍ കൊച്ചി, ഏബ്രഹാം പരുവാനിക്കല്‍, ചുള്ളിക്കല്‍ ഭാസ്‌കരന്‍, മൊയ്തു അങ്ങാടിപ്പും, ഫെഡറിക്ക് ഡിക്രൂസ്, കബീര്‍ സലാല തുടങ്ങിയവര്‍ സംസാരിച്ചു.