മലയാളികള്‍ക്ക് ഏറെ സുപരിചിതനായ സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് മഹാദേവന്‍ തമ്പി. അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യാത്ത താരങ്ങള്‍ വളരെ കുറവാണ്. ആസ്മാന്‍ എന്ന നാടോടി പെണ്‍കുട്ടിയുടെ മേക്കോവര്‍ ഫോട്ടോഷൂട്ടും വാഴയിലയിൽ ആട തീർത്തുള്ള അനിഖയുടെ ചിത്രങ്ങളും, മൊട്ടത്തലയുമായി കൃഷ്ണ പ്രഭ എത്തിയ തീംബേസ്ഡ് ഫോട്ടോഷൂട്ടും വൈറലായവിൽ ചിലത് മാത്രം. ഇപ്പോഴിതാ വേറിട്ട ഫോട്ടോഷൂട്ടിലൂടെ ശക്തമായ വിഷയവുമായി എത്തിയിരിക്കുകയാണ് മഹാദേവന്‍ തമ്പി. ഓരോ ഷൂട്ടിലും എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരുമെന്ന ശാഠ്യവുമായി നടക്കുന്ന ആ മനുഷ്യന്റെ ക്യാമറ കണ്ണുകൾ ഇത്തവണ ചെന്നെത്തിയിരിക്കുന്നതാകട്ടെ സോഷ്യൽമീഡിയക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളിലേക്കും.
മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതരാണ് മീത്ത് – മിരി ദമ്പതികൾ. ടിക് ടോക്ക് വീഡിയോകളിലൂടെയും, ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും റിയാലിറ്റി ഷോയിലൂടെയും യൂട്യൂബ് ചാനലിലൂടെയും പ്രേക്ഷക മനസുകളിലേക്ക് കയറികൂടിയ താര ദമ്പതികളുടെ ‘പരകായ പ്രവേശം’ എന്നല്ലാതെ പുതിയ ഷൂട്ടിനെ വിശേഷിപ്പിക്കാൻ മറ്റ് വാക്കുകളില്ല.
നാളിതുവരെ നാം കണ്ടും ആരാധിച്ചും പോന്ന ദേവി സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ‘ശക്തി’യ്ക്ക് ജീവൻ നൽകിയതിൽ ഏറെ പങ്കുവഹിച്ച മറ്റൊരാളും കൂടിയുണ്ട്. കേരളത്തിൻ്റെ തനത് സംസ്‌കാരവും ആയോധന കലാരൂപവുമായ കളരിപ്പയറ്റിനെ ആഗോള ശ്രദ്ധയിൽ എത്തിച്ച മഹേഷ് ഗുരുക്കളാണ് ശക്തിയുടെ സംവിധായകൻ. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കളരിപ്പയറ്റിന് പരിശീലനം നൽകുന്ന മഹേഷ് ഗുരുക്കൾ തന്നെയാണ് തന്റെ ഏറ്റവും പുതിയ ആശയത്തിന് അനുയോജ്യനെന്ന് മഹാദേവൻ തമ്പിക്ക് ഉറപ്പായിരുന്നു. അങ്ങനെ, ദിവസങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്കും പരിശീലനങ്ങൾക്കും ഒടുവിൽ എത്തിയ ‘ശക്തി’ സമൂഹമാധ്യമങ്ങളിൽ ഇന്ന് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
‘ശക്തി’ ഏതു രൂപത്തിലുള്ള പെൺകുട്ടി അവതരിപ്പിക്കണമെന്നതിന് മഹേഷ് ഗുരുക്കൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അത് മനസ്സിലാക്കിയ മഹാദേവൻ തമ്പി എത്തിയതോ മീത്ത് – മിരി താരദമ്പതികളിലേക്ക്. വളരെ സന്തോഷത്തോടും ആവേശത്തോടും കൂടി അവർ ഈ പ്രോജക്ടിന്റെ ഭാഗമാവുകയായിരുന്നു. കളരിപ്പയറ്റിന്റെ യാതൊരുവിധ മുൻ പരിചയമില്ലാത്ത ദമ്പതികൾ, മഹേഷ് ഗുരുക്കളുടെ നേതൃത്വത്തിൽ നേമത്തുള്ള അഗസ്ത്യം കളരിയിൽ നിന്ന് ഒരാഴ്ചത്തെ പരിശീലനത്തിന് ശേഷമാണ് വീഡിയോയിൽ മികച്ച പ്രകടനം കാഴ്ചവച്ചത്.
രാവിലെ വന്ന് വൈകിട്ട് ഷൂട്ട് ചെയ്ത് തീർത്ത് മടങ്ങാൻ പറ്റുന്ന ഒന്നായിരുന്നില്ല ‘ശക്തി ‘. കളരിയുടെ പ്രാഥമിക പാഠങ്ങൾ സ്വായത്തമാക്കണമെന്ന് ആദ്യം തന്നെ മീത്തിനോടും മിരിയോടും ആവശ്യപ്പെട്ടു. രണ്ടര മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയ്ക്ക് വേണ്ടി മീത്തും മിരിയും ഒരാഴ്ചയോളം ആവശ്യമായ പരിശീലനങ്ങൾ ഗുരുക്കളിൽ നിന്നും സ്വീകരിച്ചു. ‘ ശക്തി ‘ കേവലം ഒരു ഇൻസ്റ്റഗ്രാം റീൽ അല്ലെന്നും അതിനെ എങ്ങനെ വേറിട്ടതാക്കാം എന്ന് ഓരോരുത്തരും എത്രമാത്രം പരിശ്രമിച്ചിട്ടുണ്ട് എന്നും അതിൻറെ സൂക്ഷ്മതയിൽ നിന്നു തന്നെ വ്യക്തം.
മറ്റു ദേവി സങ്കല്പങ്ങളിൽ നിന്ന് ശക്തിയെ വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. ദേവി സങ്കല്പങ്ങൾ പൊതുവേ ചായം തേച്ചതാകുമ്പോൾ ഇവിടെ അങ്ങനെയല്ല ശക്തിയാകുന്ന ദേവി അവതരിപ്പിക്കപ്പെടുന്നത്.
മേക്കപ്പിൽ പുലർത്തിയ മിതത്വവും വസ്ത്രങ്ങളിലും ആഭരണങ്ങളിലും പുലർത്തിയ സൂക്ഷ്മതയും ‘ശക്തി’യെ കൂടുതൽ മികച്ചതാക്കി. മണീസ് മേക്കോവറിലെ മണികണ്ഠനാണ് മേക്കപ്പ്. കൂടാതെ മഹേഷ് ഗുരുക്കളുടെ ഭാര്യ പ്രിയ മഹേഷാണ് കോസ്റ്റ്യൂം ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തെ ചിത്രാഞ്ജലിയിൽ വച്ചായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്.
‘ ശക്തി ‘യിൽ എടുത്തു പറയേണ്ട മറ്റൊന്ന് അതിനു ഉപയോഗിച്ചിരിക്കുന്ന സംഗീതമാണ്. അവിടെയും പുതുമ നിലനിർത്താൻ മഹാദേവൻ തമ്പി ശ്രദ്ധിച്ചു. പുതിയൊരു പാട്ട് തന്നെ ഈ ഷൂട്ടിന് വേണ്ടി ഒരുക്കുകയായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ചന്തു മിത്രയുടെ സംഗീതത്തിന് ധന്യ സുരേഷ് വരികൾ എഴുതി ഭദ്ര ശബ്ദം നൽകുകയായിരുന്നു. കാന്താര ഫീലിലുള്ള സംഗീതമാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് ഇതിനോടകം തന്നെ പ്രശംസകൾ നേടുന്നുണ്ട് ഈ വീഡിയോ.
ഷൂട്ട് പൂർത്തിയായി ഒരു ദിവസത്തെ വ്യത്യാസത്തിലാണ് ഈ വീഡിയോ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് ഇത് സാധ്യമാകണമെങ്കിൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ അധ്വാനം ചെറുതല്ലെന്നു വ്യക്തം.
പ്രൊഡക്ഷൻ – എൻ എൻ ഫിലിംസ്
എഡിറ്റ് – ഗോവർദ്ധൻ
പ്രൊജക്റ്റ് ഡിസൈനർ – പ്രവീൺ എസ് ജെ
ആർട്ട് – മിലൻ കണ്ണൻ , പ്രതീഷ് മിക്കി
ഡിസൈൻ – സജിത്ത്
View this post on Instagram
CONTENT HIGHLIGHT: SHAKTHI FEEL THE FEMININE FORCE | Team Mahadevan Thampi