തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി ആരോപണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘമായി. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിൻ്റെ കീഴിലാണ് പ്രത്യേക സംഘം. ലോക്കൽ പൊലീസിലെയും സൈബർ ഡിവിഷനിലും വിജിലൻസിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്.
തൃശൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ് പി സാബു മാത്യു, കൊച്ചി എസിപി പി. രാജ് കുമാർ, വിജിലൻസ് ഡിവൈഎസ്പി ബിജു വി. നായർ ഇൻസ്പെക്ടർമാരായ ചിത്തരഞ്ചൻ, ആര്‍ ജയകുമാർ എന്നിവരും സംഘത്തിലുണ്ട്.
നേരത്തെ, പൂരം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രധാനപ്പെട്ട അന്വേഷണം നടത്തുന്നത് ക്രൈംബ്രാഞ്ച് ആയിരിക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അന്വേഷണത്തില്‍ കണ്ടെത്തിയ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ അന്വേഷിക്കാനാണു പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
പൂരം കലക്കലുമായി ബന്ധപ്പെട്ട് എം.ആര്‍.അജിത് കുമാറിന് ഉണ്ടായ വീഴ്ചകള്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ച് എഡിജിപിയായിരിക്കും അന്വേഷിക്കുക. വിഷയത്തില്‍ ഇന്റലിജന്‍സ് മേധാവിയും അന്വേഷണം നടത്തുന്നുണ്ട്.