India

ഹരിയാനയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ് നയാബ് സിങ് സൈനി

ഛണ്ഡീഗഢ്: ഹരിയാനയിൽ മൂന്നാം തവണയും അധികാരമേറ്റ് ബിജെപി സർക്കാർ. പഞ്ച്ഗുളയിൽ വെച്ച് നടന്ന ചടങ്ങിൽ ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിങ് സൈനി അധികാരമേറ്റു. ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ സത്യവാവചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയിലാണ് നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി എൻഡിഎ നേതാക്കളാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത്. മുഖ്യമന്ത്രിക്ക് പുറമെ 13 ബിജെപി എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. തുടർ വിജയം നൽകിയ ജനങ്ങൾക്ക് നന്ദിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഹരിയാനയെ അതിവേഗം മുന്നോട്ടുകൊണ്ടു പോകുമെന്നും നയാബ് സിംഗ് സൈനി ചടങ്ങിന് ശേഷം പ്രതികരിച്ചു.

നയാബ് സിംഗ് സൈനിക്കൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. അനിൽ വിജ്, കൃഷൻ ലാൽ പൻവാർ, റാവു നർബീർ സിംഗ്, മഹിപാൽ ദണ്ഡ, വിപുൽ ഗോയൽ, അരവിന്ദ് ശർമ്മ, ശ്യാം സിംഗ് റാണ, രൺബീർ ഗാങ്‌വ, കൃഷൻ കുമാർ ബേദി, ശ്രുതി ചൗധരി, ആർ പി സിംഗ് റാവു, രാജേഷ് നാഗർ, ഗൗരവ് ഗൗതം എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

ജാതി സമവാക്യങ്ങൾക്ക് പ്രാതിനിധ്യം നൽകിയാണ് മന്ത്രിസഭാ രൂപീകരണം. ദളിത് ബ്രാഹ്മണ ജാട്ട് വിഭാഗങ്ങളിൽനിന്ന് രണ്ടുപേർ വീതവും രജപുത്ത് പഞ്ചാബി ബനിയ വിഭാഗങ്ങളിൽനിന്ന് ഓരോ അംഗവും ഒബിസി വിഭാഗത്തിൽനിന്ന് നാലുപേരും അടങ്ങുന്നതാണ് ഹരിയാനയിലെ പുതിയ മന്ത്രിസഭ.

90 സീറ്റിൽ 48 സീറ്റുകൾ നേടിയായിരുന്നു ഇത്തവണ ബിജെപിയുടെ ഹാട്രിക് വിജയം. കോൺ​ഗ്രസ് 36 സീറ്റുകളാണ് നേടിയത്. ഹരിയാനയിൽ കോൺ​ഗ്രസ് വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ ഉൾപ്പെടെ പ്രവചിച്ചിരുന്നത്. എന്നാൽ ഇതിനെ തള്ളിയായിരുന്നു ബിജെപിയുടെ വിജയം.