പാലക്കാട്: കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറമ്പില്‍ എംപിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലുമെന്ന പി സരിന്റെ ആരോപണത്തിന് മറുപടിയുമായി ഷാഫി പറമ്പില്‍. കോണ്‍ഗ്രസ് തീരുമാനത്തെ മാറ്റാനുള്ള വലുപ്പം ഒന്നും തനിക്കില്ലെന്നും ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ആരുടേയും ഭീഷണിക്ക് വഴങ്ങുന്ന ഒരു പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. അത് ഷാഫിയുടേത് ആയാലും സരിന്റെയായാലും ഭീഷണിക്ക് അടിപ്പെടില്ലെന്നും പാലക്കാട്ടെ ജനങ്ങളുടെ തീരുമാനത്തെയാണ് മാനിച്ചതെന്നും ഷാഫി പറഞ്ഞു. ഇതുവരെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ താന്‍ പിന്തുണക്കാതിരുന്നിട്ടുണ്ടോ എന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
പാലക്കാട്ടെ പ്രവര്‍ത്തകരും നേതാക്കളും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ജയിക്കാനാണ് മത്സരിക്കുന്നത്. ജനപിന്തുണയുണ്ടെങ്കില്‍ ജയിക്കും. ആരോടും അഡ്ജസ് ചെയ്യുന്നില്ല. വഴങ്ങുന്നില്ല. ഒരുമിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി ഇറങ്ങുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
മുഴുവന്‍ നേതാക്കളെയും കണ്‍സള്‍ട്ട് ചെയ്‌തെടുത്ത തീരുമാനമാണ് രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം. ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഡീല്‍ എന്ന ആരോപണം ശരിയാണ്. വടകരയില്‍ ബിജെപിയെയും സിപിഐഎമ്മിനെയും പരാജയപ്പെടുത്തുക എന്നതായിരുന്നു ഡീല്‍. സമാന സാഹചര്യമാണ് പാലക്കാട് എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
വടകരയിലെ ജനങ്ങള്‍ക്ക് ഷാഫി പറമ്പിലെ വിളിച്ചാല്‍ പോലും കിട്ടാറില്ലെന്ന് ആരോപണത്തോടും ഷാഫി പ്രതികരിച്ചു. തനിക്കും വടകരക്കാര്‍ക്കും ഇടയില്‍ ഇടനിലക്കാരന്‍ വേണ്ട. അവര്‍ക്ക് വേണ്ടത് ചെയ്യാനാണ് തന്നെ തിരഞ്ഞെടുത്തത്. അതിന് വേണ്ടി പരമാവധി ചെയ്യും. ആരുടെയും ഇടനിലയും സര്‍ട്ടിഫിക്കറ്റും വേണ്ടെന്നും ഷാഫി പ്രതികരിച്ചു. പാലക്കാട് മണ്ഡലത്തില്‍ അഞ്ചക്ക ഭൂരിപക്ഷത്തില്‍ രാഹുല്‍ വിജയിക്കും. പറഞ്ഞത് എടുത്ത് വെച്ചോ എന്നും ഷാഫി ആത്മവിശ്വാസം പ്രകടിപ്പിച്ചു.