Kerala

അധികാര ദുര്‍മോഹത്തിന്റെ അവതാരമായി സരിന്‍ മാറി: ചെന്നിത്തല

തിരുവനന്തപുരം: സരിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ പി സരിനെ പാര്‍ട്ടി പുറത്താക്കിയതിന് പിന്നാലെയാണ് പ്രതികരണം. അധികാര ദുര്‍മോഹത്തിന്റെ അവതാരമായി സരിന്‍ മാറിയെന്നും സീറ്റ് കിട്ടാതെ വന്നപ്പോള്‍ കോണ്‍ഗ്രസിനെ തള്ളിപ്പറയുന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് പോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള മറ്റൊരു പാര്‍ട്ടിയില്ല. സരിന്‍ സിപിഐഎമ്മിന്റെ കോടാലിക്കൈ ആയി മാറി. കോണ്‍ഗ്രസ് – ബിജെപി ഡീല്‍ ഇല്ലെന്നും തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെയും ബിജെപിയെയും നേരിടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിട്ടുണ്ട്. പി സരിന്‍ ആദ്യം കൂടിക്കാഴ്ച നടത്തിയത് ബിജെപിയുമായാണെന്നും ബിജെപി ബിജെപി സ്ഥാനാര്‍ത്ഥിത്വം നിഷേദിച്ചപ്പോള്‍ സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയെന്ന് വിഡി സതീശന്‍ ആരോപിച്ചു. സരിന്‍ പാര്‍ട്ടി വിടാന്‍ നിന്നിരുന്ന ആളായിരുന്നെന്ന് വിഡി സതീശന്‍ പറഞ്ഞു.

സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് വന്നതോടുകൂടിയാണ് വിമര്‍ശനങ്ങള്‍. സരിന്‍ പറഞ്ഞത് മന്ത്രി എംബി രാജേഷ് എഴുതി കെടുത്ത വാദങ്ങളാണെന്ന് വിഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭയില്‍ സിപിഐഎം മന്ത്രിമാരും എംഎല്‍എമാരും ഉന്നയിച്ച വിമര്‍ശനങ്ങളാണ് സരിന്‍ വീണ്ടും ഉന്നയിക്കുന്നത്. ഇതിന് സിപിഐഎമ്മിന് മറുപടി നല്‍കിയതാണെന്ന് അദ്ദേഹം പറഞ്ഞു.

ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നുവെന്ന് വാര്‍ത്താക്കുറിപ്പിലൂടെ കോണ്‍ഗ്രസ് അറിയിച്ചു. കെപിസിപി അധ്യക്ഷന്‍ കെ സുധാകരന്റേതാണ് നടപടി.