Kerala

വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്കെതിരെ ഖുശ്ബുവിനെ ഇറക്കാൻ ബിജെപി; അന്തിമപട്ടികയിൽ നടിയുടെ പേരും

കൽപ്പറ്റ : വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെ ഇറക്കാൻ ബിജെപി നീക്കം. വയനാട്ടിലേക്കുളള സ്ഥാനാർത്ഥിയായി നടി ഖുശ്ബുവും ബിജെപി അന്തിമപട്ടികയിൽ ഇടംപിടിച്ചതായാണ് വിവരം.

തൃശ്ശൂരിന് സമാനമായ രീതിയിൽ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതിൽ സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞു. നാലുവർഷം മുൻപാണ് ഖുശ്ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. നിലവിൽ ബിജെപി തമിഴ്നാട് ഘടകത്തിന്റെ ഭാഗമായാണ് ഖുശ്ബു പ്രവർത്തിക്കുന്നത്.

സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. എംടി രമേശ്, ശോഭ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍, നവ്യ ഹരിദാസ് എന്നിവരുടെ പേരുകളും ബിജെപി വയനാട്ടിലേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്.