ഗാസ: ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി സൂചന. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ തിരിച്ചറിയപ്പെടാത്ത മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ആണെന്നുമുള്ള അഭ്യൂഹം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സില്‍ നിന്നും ലഭിക്കുന്നുണ്ട്.
അതിനിടെ, സംഭവത്തിൽ പ്രതികരണവുമായി ഇസ്രയേൽ രംഗത്തെത്തി. യഹിയ സിൻവർ കൊല്ലപ്പെട്ടോ എന്ന് സ്ഥിരീകരിക്കാൻ ശ്രമിച്ചു വരികയാണെന്ന് ഇസ്രയേൽ പ്രതികരിച്ചു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ ഇത് കഴിയൂവെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.
ഒക്ടോബർ ഏഴ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് സിന്‍വാറിനെ ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. ഒക്ടോബര്‍ ഏഴിനുശേഷമുള്ള ആക്രമണം നേരിട്ടു നയിക്കുന്നത് സിന്‍വാറാണ്. കഴിഞ്ഞ ജൂലൈ 31ന് ഇറാനിൽ ഇസ്മായിൽ ഹനിയ്യ കൊല്ലപ്പെട്ട ശേഷമാണ് അദ്ദേഹം ഹമാസ് നേതൃത്വം ഏറ്റെടുക്കുന്നത്.
2024 ഓഗസ്റ്റ് മുതല്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ ചെയര്‍മാനും ഗാസ മുനമ്പിന്റെ നേതാവുമായി പലസ്തീന്‍ ജനതയ്ക്കിടയില്‍ വിശ്വാസ്യത നേടിയ യഹിയയെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പലസ്തീന്‍ പ്രതിരോധസേനയ്ക്ക് ഏറെ ആശങ്കകള്‍ നല്‍കുന്നുണ്ട്.
ഗാസ ആസ്ഥാനമായാണ് കാലങ്ങളായി യഹിയ പ്രവര്‍ത്തിക്കുന്നത്. ‘തിന്മയുടെ മുഖ’മെന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്ന യഹിയ 22 വര്‍ഷം ഇസ്രയേല്‍ തടവറയില്‍ കഴിഞ്ഞിട്ടുണ്ട്. ഹമാസ് പിടികൂടിയ ഇസ്രയേല്‍ സൈനികന്‍ ഗിലാദ് ഷാലിത്തിനെ വിട്ടയക്കാന്‍ പലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായി 2011-ലാണ് യഹിയ ജയിലില്‍നിന്ന് മോചിതനായത്. 2015-ല്‍ യഹിയയെ അമേരിക്ക ആഗോള ഭീകരനായി മുദ്ര കുത്തി. 1962-ല്‍ ഈജിപ്തിന്റെ നിയന്ത്രണത്തിലുള്ള ഖാന്‍ യൂനിസിലെ അഭയാര്‍ഥി ക്യാമ്പിലാണ് യഹിയയുടെ ജനനം.
അതേസമയം, തെക്കൻ ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ടൗൺ മേയറടക്കം 5 പേർ കൊല്ലപ്പെട്ടു. നബാത്തിയ നഗരത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് ടൗൺ മേയർ കൊല്ലപ്പെട്ടത്. ഇസ്രയേൽ ആക്രമണത്തെ തുടർന്നുള്ള ദുരിതങ്ങൾ ചർച്ച ചെയ്യാൻ മേയറുടെ നേതൃത്വത്തിൽ യോഗം നടക്കുമ്പോളായിരുന്നു വ്യോമാക്രമണം. ഇസ്രയേലിന്‍റെ ബോംബിംഗിൽ നബാത്തിയ മുനിസിപ്പൽ കെട്ടിടം തകർന്നു. നബാത്തിയയിലും പരിസര പ്രദേശങ്ങളിലുമായി 11 വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ അടുത്തടുത്ത ദിവസങ്ങളിൽ നടത്തിയത്. പ്രദേശത്ത് തകർന്ന കെട്ടിടങ്ങൾക്ക് ഇടയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.