ഓൺലൈനിലൂടെ വാങ്ങിയ ചുരിദാർ മാറ്റി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല. ഉപഭോക്താവിനും ഉണ്ട് അവകാശങ്ങൾ എന്ന് ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള സുപ്രധാന വിധിയുമായി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
ആലപ്പുഴയിലുള്ള ഇഹ ഡിസൈൻസ് ബ്രൈഡൽ സ്റ്റുഡിയോ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിനാണ് പിഴ ചുമത്തിയിട്ടുള്ളത്.
എറണാകുളം സ്വദേശിയായ കെ.ജി ലിസ എന്ന യുവതി നൽകിയ പരാതിയിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ആലപ്പുഴയിലെ ഇഹ ഡിസൈൻസിന് പിഴ ചുമത്തിയിട്ടുള്ളത്. 1395 രൂപയ്ക്ക് ഓൺലൈനിലൂടെ ഓർഡർ നൽകിയ ചുരിദാറിനെ ചൊല്ലിയായിരുന്നു യുവതി പരാതി നൽകിയിരുന്നത്. ഓർഡർ നൽകിയ ഉടൻ തന്നെ ചുരിദാറിന്റെ നിറം മാറ്റി നൽകണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിറം മാറ്റാൻ ആകില്ലെന്നും ഇപ്പോൾതന്നെ തപാലിൽ അയച്ചു കഴിഞ്ഞു എന്നുമായിരുന്നു സ്ഥാപന ഉടമ പരാതിക്കാരിയെ അറിയിച്ചിരുന്നത്.
പരാതിക്കാരി ഓർഡർ റദ്ദാക്കാൻ ആവശ്യപ്പെട്ടെങ്കിലും സ്ഥാപനമുടമ അനുവദിച്ചില്ല. പിന്നീട് തപാലിൽ ലഭിച്ചപ്പോഴാണ് ഓർഡർ നൽകിയ അളവിലുള്ള ചുരിദാർ അല്ല ലഭിച്ചത് എന്ന് കണ്ടെത്തിയത്. ഇതോടെ ചുരിദാർ തിരികെ അയക്കാൻ ശ്രമിച്ചെങ്കിലും ഇഹ ഡിസൈൻസ് ഇത് സ്വീകരിക്കാൻ തയ്യാറായില്ല. കൂടാതെ പണം റീഫണ്ട് ചെയ്യാനും സ്ഥാപനം തയ്യാറായിരുന്നില്ല. തുടർന്ന് പരാതിക്കാരി തപാൽ രേഖകൾ വിശദമായി പരിശോധിച്ചപ്പോൾ ഓർഡർ നൽകിയ ഉടൻതന്നെ തപാലിൽ അയച്ചു എന്ന വാദം തെറ്റാണെന്ന് കണ്ടെത്തി. ഇതോടെ യുവതി പരാതിയുമായി ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.