കണ്ണൂർ: കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പി.പി ദിവ്യക്കെതിരെ സിപിഎം നടപടി. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റി. പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് നടപടി.
പത്തനംതിട്ട ജില്ലാ നേതൃത്വത്തില്‍ നിന്ന് പി.പി. ദിവ്യക്കെതിരായ നീക്കമാണുണ്ടായത്. തിരഞ്ഞെടുപ്പുകള്‍ വരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഈ തീരുമാനമെന്നും വിലയിരുത്തപ്പെടുന്നു.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു. അത് ദിവ്യ അംഗീകരിച്ചതിനെ തുടര്‍ന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്നകുമാരിയെ പരിഗണിക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചുവെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ടെന്നും പൊലീസ് അന്വേഷണവുമായി താൻ സഹകരിക്കുമെന്നും പിപി ദിവ്യ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.
നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരെ ഞാൻ നടത്തിയത് സദ്ദുദ്ദേശപരമായ വിമർശനമായിരുന്നെങ്കിലും എന്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാടിനെ ഞാൻ മാനിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റാനുളള പാർട്ടി നിലപാടിനെ ശരിവെക്കുന്നു. പാർട്ടി തീരുമാനം മാനിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെക്കുന്നുവെന്നും ദിവ്യ അറിയിച്ചു.