Kerala

‘സ്റ്റാലിനുമായി അടുപ്പം ഉണ്ടെന്നത് അവകാശവാദം മാത്രം’; പി വി അൻവര്‍ എംഎല്‍എയെ പൂർണമായി തള്ളി ഡിഎംകെ | dmk-completely-rejected-pv-anvar

ചേലക്കരയിലും പാലക്കാടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്

ചെന്നൈ: സ്റ്റാലിനുമായി അടുപ്പം ഉണ്ടെന്നത് അൻവറിന്‍റെ അവകാശവാദം മാത്രമാണെന്ന് ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ്‌ ഭാരതി. സ്റ്റാലിനെ എല്ലാവർക്കും അറിയാം, എന്നാൽ സ്റ്റാലിൻ എല്ലാവരെയും അറിയണം എന്നില്ലെന്നും ഭാരതി പരിഹസിച്ചു. അൻവറുമായി യാതൊരു ബന്ധവും ഇല്ലെന്നും പാർട്ടിയുടെ പേരോ പതാകയോ ഉപയോഗിച്ചാൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പി വി അൻവര്‍ എംഎല്‍എയെ പൂർണമായി തള്ളിയായിരുന്നു ഡിഎംകെയുടെ പ്രതികരണം.

കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ അൻവര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആര്‍ എസ് ഭാരതിയുടെ പ്രതികരണം. ഡിഎംകെ ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. ഈ മുന്നണി കെട്ടുറപ്പോടെയാണ് മുന്നോട്ട് പോകുന്നത്. അൻവറുമായി ഒരു ബന്ധവുമില്ല. പാര്‍ട്ടിയുടെ ഒരു നേതാക്കളുമായും അൻവര്‍ ചര്‍ച്ച നടത്തിയിട്ടില്ല. സുഹൃത്ത് എന്ന് നിലയില്‍ ആരെയെങ്കിലും കണ്ടെങ്കില്‍ അത് ഔദ്യോഗികമല്ല. പാര്‍ട്ടിക്ക് ഒന്നും അതിൽ ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ചേലക്കരയിൽ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എഐസിസി അംഗം എൻ കെ സുധീര്‍ മത്സരിക്കുമെന്ന് പി വി അൻവര്‍ എംഎല്‍എ ഇന്നലെ അറിയിച്ചിരുന്നു. പാലക്കാട് ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജീവകാരുണ്യ പ്രവര്‍ത്തകൻ മിൻഹാജ് മത്സരിക്കും. പി വി അൻവര്‍ പാലക്കാട് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും മിൻഹാജിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ചേലക്കരയിലും പാലക്കാടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്.

രണ്ടിടത്തും കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകള്‍ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ അതൃപ്തിയിലാണ്. പ്രാദേശിക വികാരം കണക്കിലെടുത്തില്ലെന്ന വികാരമുണ്ട്. ഇതേ സ്ഥിതിയാണ് സിപിഎമ്മും നേരിടുന്നത്. ചേലക്കരയിൽ എഐസിസി അംഗമായ എൻകെ സുധീര്‍ ആയിരിക്കും ഡിഎംകെയുടെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസുകാര്‍ തന്നെയാണ് സുധീറിനെ നിര്‍ദേശിച്ചത്. ചേലക്കരയിൽ മത്സരിക്കണമെന്ന് പറഞ്ഞ് കഴിഞ്ഞ മൂന്നുമാസായി അവിടെ പ്രചരണത്തിലായിരുന്നു. എന്നാൽ, സ്ഥാനാര്‍ത്ഥി നിര്‍ണയം വന്നപ്പോള്‍ സുധീറിനെ പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു.

content highlight: dmk-completely-rejected-pv-anvar