ഫ്രൈഡ് റൈസിനൊപ്പം എപ്പോഴും ചിക്കൻ അല്ലെ വിളമ്പുന്നത്. ഇത്തവണ അല്പം വെറൈറ്റി ആയാലോ? ഫ്രൈഡ് റൈസിനൊപ്പം ചൂടോടെ വിളമ്പാൻ കിടിലൻ സ്വാദിൽ തയ്യാറാക്കാം ലെമൺ ഹണി കോളിഫ്ലവർ.
ആവശ്യമായ ചേരുവകൾ
- കോളിഫ്ലവർ -1 ചെറുത്
- കോൺഫ്ലോർ 1ടേബിൾ സ്പൂൺ
- മൈദ -3 ടേബിൾ സ്പൂൺ
- വെള്ളം -1/4 കപ്പ്
- ഉപ്പ് -ആവശ്യത്തിന്
- ഇഞ്ചി -1ടേബിൾ സ്പൂൺ
- വെളുത്തുള്ളി -1 ടേബിൾ സ്പൂൺ
- പച്ചമുളക് സോസ് -1 ടേബിൾ സ്പൂൺ
- റെഡ് ചില്ലി പേസ്റ്റ് -1ടേബിൾ സ്പൂൺ
- തക്കാളി സോസ്-1 ടേബിൾ സ്പൂൺ
- ചെറു നാരങ്ങ നീർ -2 ടേബിൾ സ്പൂൺ
- സോയ സോസ്-1 ടേബിൾ സ്പൂൺ
- വിനിഗർ -1 ടേബിൾ സ്പൂൺ
- തേൻ -3 ടേബിൾ സ്പൂൺ
- ഉള്ളി തണ്ട് -1 ടേബിൾ സ്പൂൺ
- വെളുത്ത എള്ള് -1 ടി സ്പൂൺ
- ഓയിൽ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറിയ ഇതളുകൾ ആക്കിയ കോളിഫ്ലവർ നന്നായി ഉപ്പും അൽപം മഞ്ഞൾ പൊടിയും ചേർത്ത് കഴുകുക. വെള്ളം നന്നായി തിളങ്ങുന്ന സമയത്ത് കോളിഫ്ലവർ ഇട്ടു 1 മിനിറ്റ് വേവിച്ചു എടുക്കുക. വെള്ളം വാർന്നു പോകാൻ വെയ്ക്കുക. ഒരു പാത്രത്തിൽ കോൺഫ്ലോറും മൈദയും അൽപ്പം ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്കു വെള്ളം കുറച്ച് കുറച്ച് ചേർത്ത് കൊടുക്കുക. നല്ല കട്ടിയിൽ ഉള്ള ഒരു കൂട്ട് തയ്യാറാക്കുക. ഇനി അതിലേക്ക് കോളിഫ്ളവർ ചേർത്ത് നന്നായി പുരട്ടി എടുക്കുക. ഇത് ചൂടായ എണ്ണയിൽ വറുത്തു എടുക്കുക (ഇടത്തരം ചൂട് മതി എണ്ണക്ക്). വറുത്ത കോളിഫ്ലവർ എണ്ണ വാലാൻ വെയ്ക്കുക.
ഇനി സോസ് തയ്യാറാക്കാം
ഒരു അടി കട്ടിയുള്ള നോൺസ്‌റ്റിക് പാൻ അടുപ്പിൽ വക്കുക. ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കൊത്തി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ചൂട് നോക്കണം. കരിഞ്ഞു പോകാതെ സൂക്ഷിക്കണം. അതിലേക്കു എല്ലാ സോസുകളും ചേർക്കുക. പിന്നെ ചെറുനാരങ്ങ നീർ, വിനാഗിരി, തേൻ, ഉപ്പു എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. അതിനു ശേഷം അല്പം വെള്ളം തേർത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന കോളിഫ്ലവർ ചേർത്ത് നന്നായി യോജിപ്പിക്കുക. എല്ലാ ഭാഗത്തും നന്നായി സോസ് പിടിക്കണം. അവസാനം കുറച്ചു ഉള്ളി തണ്ടും വെളുത്ത എള്ളും മുകളിൽ വിതറി വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റുക. ചൂടോടു കൂടി ഫ്രൈഡ്റൈസിൻ്റെ കൂടെ വിളമ്പാം.