തെക്കൻ ഗസ്സയിലെ റഫയിലെ താൽ അൽ സുൽത്താനിലെ കെട്ടിടത്തിൽ യഹ്‍യ സിൻവാർ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. അതിൽ മൂന്നുപേരിൽ ഒരാൾ സിൻവാറാണെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. ഹമാസ് മേധാവി യഹ്‍യ സിൻവാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ സൈന്യം. മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനക്കായി ഇസ്രായേലിലേക്ക് കൊണ്ടുപോയിരുന്നു. അതേസമയം, ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
ബുധനാഴ്ച രാത്രി തെക്കൻ ഗസ്സയിലുള്ള സതേൺ കമാൻഡ് 828-ാം ബ്രിഗേഡിലെ ഇസ്രായേൽ സൈനികരാണ് ആക്രമണം നടത്തിയതെന്ന് ഐ.ഡി.എഫ് പറഞ്ഞു. ഇസ്രായേൽ അവകാശവാദം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഹമാസിന്റെ ഏറ്റവും കരുത്തനും കാർക്കശ്യക്കാരനുമായ നേതാവായിരുന്നു സിൻവാർ. കഴിഞ്ഞവർഷം ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ തൂഫാനുൽ അഖ്സ ഓപറേഷന്റെ സൂത്രധാരനെന്ന് ഇസ്രായേൽ ആരോപിക്കുന്ന നേതാവാണ് സിൻവാർ. ഇസ്മാഈൽ ഹനിയ്യ തെഹ്റാനിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം ഹമാസ് മേധാവിയായി ചുമതലയേറ്റത്. 23 വർഷം ഇസ്രായേൽ ജയിലിൽ കിടന്ന അദ്ദേഹം ഹീബ്രു പഠിക്കുകയും ഇസ്രായേൽ കാര്യങ്ങളിലും ആഭ്യന്തര രാഷ്ട്രീയത്തിലും അവഗാഹം നേടുകയും ചെയ്തു.
2011ൽ ഹമാസ് പിടികൂടിയ ഇസ്രായേൽ സൈനികൻ ഗിലാദ് ഷാലിത്തിനെ മോചിപ്പിച്ചതിന്റെ ഭാഗമായി അദ്ദേഹത്തെ ജയിലിൽനിന്ന് വിട്ടയച്ചു. മോചിതനായശേഷം സിൻവാർ ഹമാസിന്റെ മുൻനിര നേതാവായി വളർന്നു. 2012ൽ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.