കൊച്ചി, ഒക്ടോബർ 18, 2024: സംസ്ഥാനത്തുടനീളം നിസ്വാർഥ സേവനം നടത്തുന്ന ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ച് കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയും ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷനും (എ.ഒ.ഡി.എ). ലോക ട്രോമ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിടെ അക്ഷീണം ആംബുലൻസ് സേവനം ലഭ്യമാക്കിയ ഡ്രൈവർമാരെ പ്രത്യേകം ആദരിച്ചു. ചാലക്കുടി എംഎൽഎ ശ്രീ. ടിജെ സനീഷ് കുമാർ ജോസഫ് പരിപാടി ഉദ്‌ഘാടനം ചെയ്തു. പത്ത് ജില്ലകളിൽ നിന്നുള്ള എ.ഒ.ഡി.എ പ്രതിനിധികൾ മെമെന്റോയും സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി.
ട്രോമ കെയർ, റോഡ് സുരക്ഷ എന്നീ വിഷയങ്ങളിൽ പ്രമുഖർ നയിച്ച ക്‌ളാസുകളും ശ്രദ്ധേയമായി. അങ്കമാലിയിലെ മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്ടർ സുൾഫിക്കർ സികെ റോഡ് സുരക്ഷയെക്കുറിച്ച് സംസാരിച്ചു. സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഡോ. ജോൺസൻ കെ. വർഗീസ് അടിയന്തര സാഹചര്യങ്ങളിൽ മടികൂടാതെ ഇടപെട്ട് ജീവൻ രക്ഷിക്കുന്നതിനുള്ള “ട്രോമ ബി ഫസ്റ്റ്” എന്ന വിഷയത്തിൽ പ്രത്യേക സെഷന് നേതൃത്വം നൽകി.
ആലുവ ഡിവൈഎസ്പി രാജേഷ് ടി.ആർ, എ.ഒ.ഡി.എ സംസ്ഥാന പ്രസിഡന്റ് അനു സാമുവേൽ, ജനറൽ സെക്രട്ടറി ഷാജുദീൻ ചിറക്കൽ, സംസ്ഥാന ട്രെഷറർ ഷമീർ പട്ടാമ്പി, ആസ്റ്റർ മെഡ്‌സിറ്റിയിലെ സ്ട്രാറ്റജി ആൻഡ് പ്ലാനിങ് എ.ജി.എം ഡോ. ജവാദ് അഹമ്മദ്, റഫറൽ മാർക്കറ്റിംഗ് ഡെപ്യൂട്ടി മാനേജർ റഷീദ്, കേരള ക്ലസ്റ്റർ മേധാവി ദേവീകൃഷ്ണൻ ആർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. അടിസ്ഥാന ജീവൻരക്ഷാ ഉപായങ്ങളെക്കുറിച്ച് സൗജന്യ ശില്പശാലകൾ സംഘടിപ്പിക്കാൻ താല്പര്യമുള്ളവർക്ക് 8111998077 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.