ഗർഭിണികൾ പപ്പായയും പൈനാപ്പിളും കഴിക്കരുത് എന്ന് പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ടല്ലേ. കൂടാതെ പല സിനിമകളിലും ടെലിവിഷൻ പരിപാടികളിലുമെല്ലാം ഈ വിദ്യ കണ്ട് കണ്ട് എല്ലാവർക്കും അറിവുള്ള ഒരു വില്ലനായി മാറി പൈനാപ്പിളും പപ്പായയും. ഒട്ടേറെ ഗുണങ്ങളുള്ള ഈ ഫലങ്ങൾ ഗർഭകാലത്ത് കഴിക്കരുതെന്ന് പറയാൻ ചില കരണങ്ങളുണ്ട്, എന്നാൽ എല്ലാ കാരണങ്ങളും ശരിയുമല്ല താനും.
ഈ വിവരത്തിന് ശാസ്ത്രീയ തെളിവുകൾ ഇല്ല എന്നുള്ളതാണ് യാഥാർത്ഥ്യം. പപ്പായയോ പൈനാപ്പിളോ കഴിച്ചാൽ എല്ലാവർക്കും ഗർഭഛിദ്ര സാധ്യതയുണ്ടെന്ന് പറയാനേ സാധിക്കില്ല. ഇക്കാര്യം എങ്ങനെ പ്രചരിച്ചു എന്നും വ്യക്തമല്ല. എന്നാൽ ഈ പൈനാപ്പിളിലും പപ്പായയിലും ഗർഭസ്ഥ ശിശുവിനെ ബാധിക്കുന്ന ചില ഘടകങ്ങളുണ്ട് എന്നത് വാസ്തവമാണ്. പപ്പായയ്ക്കുള്ളിൽ അടങ്ങിയിരിക്കുന്നതാണ് പപ്പെയിൻ എന്ന എൻസൈം. ഇത് പ്രോട്ടീയോലൈറ്റിക് (Proteolytic Enzymes) പ്രോപ്പർട്ടിയുള്ള എൻസൈമാണ്. പൈനാപ്പിൽ അടങ്ങിയിരിക്കുന്ന എൻസൈമാണ് ഡൊമാലിൻ. ഇതും പ്രോട്ടീയോലൈറ്റിക് (Proteolytic Enzymes) പ്രോപ്പർട്ടിയുള്ള എൻസൈമാണ്. ഇതാണ് അപകടകാരി. ഈ എൻസൈമുകൾ ഗർഭഛിദ്രത്തിന് കാരണമാകുന്നതായി കണക്കാക്കപ്പെടുന്നുണ്ട്. എന്നാൽ ഇവ കാണപ്പെടുന്നത് പച്ചയായ ഫലങ്ങളിലാണ്.
പച്ച പപ്പായയും പൈനാപ്പിളും
പപ്പായയും പൈനാപ്പിളും പച്ചയ്ക്കിരിക്കുമ്പോഴാണ് മേൽപ്പറഞ്ഞ എൻസൈമുകൾ അവയ്ക്കുള്ളിൽ കാണപ്പെടുന്നത്. ഈ ഘട്ടത്തിൽ നാം പൈനാപ്പിളോ പപ്പായയോ കഴിക്കുന്നത് തന്നെ അപൂർവ്വമാണ്. പപ്പായ തോരൻവെച്ചോ കറിയാക്കിയോ ആണ് പല വീടുകളിലും ഉപയോഗിക്കാറുള്ളത്. പഴുത്ത പപ്പായയ്ക്കും പൈനാപ്പിളിനും ഒട്ടേറെ ഗുണങ്ങളുണ്ട്. അവ അറിഞ്ഞോ അറിയാതയോ കഴിക്കുന്നതുകൊണ്ട് ഗർഭിണികളുടെആരോഗ്യത്തിന് ദോഷകരമായി ബാധിച്ചിട്ടില്ല. ഇതുവരെ അത്തരം പഠനങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.