പത്തനംതിട്ട: കണ്ണൂർ കലക്റ്ററുടെ അനുശോചന വാക്കുകൾ ആവശ്യമില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം. സബ് കളക്ടറുടെ കൈവശം കവറിൽ കൊടുത്തുവിട്ട കത്തിൽ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ തങ്ങളെ അറിയിച്ചതായി സി.പി.ഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ജി. അഖിൽ അറിയിച്ചു. കേസില്‍ നിയമസഹായം വേണമെന്ന് നവീന്റെ കുടുംബം ആവശ്യപ്പെട്ടതായും അഖില്‍ പറഞ്ഞു.
നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കത്തിൽ അതൃപ്തയാണ്. കത്തിൽ വിഷയങ്ങളൊന്നും സൂചിപ്പിച്ചിട്ടില്ല. കളക്ടറുടെ വ്യക്തിപരമായ അനുഭവങ്ങൾ സൂചിപ്പിച്ചു എന്നല്ലാതെ മറ്റൊന്നുമില്ല. കത്തിനെ ഗൗരവമായി കാണുന്നില്ല. ഓൺലൈൻ ചാനലിനെ വിളിച്ച് ഇത്തരത്തിൽ പരിപാടി നടത്തിയതിൽ കളക്ടർ ഇടപെട്ടില്ല. ഇടപെടാമായിരുന്നിട്ടും ഇടപെട്ടില്ലെന്നും കത്തിനെ ഗൗരവമായി കാണുന്നില്ലെന്നും ഭാര്യ അറിയിച്ചതായും ജി അഖിൽ പറഞ്ഞു.
നവീന്‍ ബാബുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ കളക്ടര്‍ താത്പര്യമറിയിച്ചിരുന്നു. പക്ഷേ, കുടുംബം അതിനോട് വിയോജിച്ചു. ഇതേത്തുടര്‍ന്നാണ് പത്തനംതിട്ട സബ് കളക്ടർ വഴി കുടുംബത്തിന് കത്ത് കൈമാറിയത്. എന്നാൽ, ഈ കത്തില്‍ ഔദ്യോഗികമായ ഒപ്പോ സീലോ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.
നവീന്റെ അന്ത്യകര്‍മങ്ങള്‍ കഴിയുന്നതു വരെ താന്‍ പത്തനംതിട്ടയിലുണ്ടായിരുന്നുവെന്നും നേരില്‍ വന്നു നില്‍ക്കണമെന്നു കരുതിയെങ്കിലും സാധിച്ചില്ലെന്നുമാണ് കത്തില്‍ പറഞ്ഞത്. നവീന്റെ മരണം നല്‍കിയ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇന്നലെ വരെ തന്റെ തോളോടു തോള്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് നവീന്‍. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ച വ്യക്തിയായിരുന്നു എട്ടു മാസത്തോളമായി തനിക്കറിയാവുന്ന നവീന്‍ എന്നും കുടുംബത്തിന് നല്‍കിയ കത്തില്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ പറഞ്ഞു.
കളക്ടർക്കെതിരെ നേരത്തെ സിപിഎം പത്തനംതിട്ട നേതൃത്വവും ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഗൂഢാലോചനയിൽ കളക്ടർക്ക് പങ്കുണ്ടെന്നാണ് ആരോപണം. പത്തനംതിട്ടയിൽ എഡിഎമ്മിൻ്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം കണ്ണൂരിൽ തിരിച്ചെത്തിയെങ്കിലും ഇന്ന് ഓഫീസിലേക്ക് വന്നില്ല. കളക്ടർ ഓഫീസിൽ വന്നാലും ബഹിഷ്കരിക്കാനാണ് സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ തീരുമാനം. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കണ്ണൂരിൽ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.