തലശ്ശേരി: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയില്‍ താന്‍ ക്ഷണിക്കാതെ കയറിച്ചെന്നതാണെന്ന വാദം തളളി പി.പി ദിവ്യ. കണ്ണൂര്‍ കളക്ടര്‍ മറ്റൊരു പരിപാടിയില്‍ വെച്ചാണ് യോഗ വിവരം പറഞ്ഞതെന്നും തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ പറഞ്ഞു. സംസാരം സദുദ്ദേശപരമായിരുന്നുവെന്നും അവര്‍ പറയുന്നു.
ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയതിന് പിന്നാലെ പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. അഡ്വ. വി വിശ്വന്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
മുന്‍കൂട്ടി സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഡെപ്യൂട്ടി കളക്ടര്‍ ശ്രുതി ക്ഷണിച്ചപ്രകാരം ആണ് സംസാരിച്ചത്. ഉത്തരവാദിത്തപ്പെട്ട വ്യക്തികള്‍ ഇരിക്കുന്ന പരിപാടി എന്ന നിലയിലാണ് അഴിമതിക്കാര്യം സംസാരിച്ചതെന്നും ദിവ്യ പറഞ്ഞു.
നവീന്‍ കുമാറിന് കൈക്കൂലി കൊടുത്തു എന്ന് പ്രശാന്ത് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ട് . നേരത്തെ ഗംഗാധരന്‍ എന്ന ഒരാളും ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നു. ഫയലുകള്‍ വെച്ച് താമസിപ്പിക്കുന്നു എന്ന പരാതി എഡി എമ്മിനെതിരെ ഉണ്ട്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി എന്ന നിലയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കും. പ്രായമായ മാതാപിതാക്കളും ഭര്‍ത്താവും ഒരു പെണ്‍കുട്ടിയും ഉണ്ട്. അതുകൊണ്ട് മുന്‍കൂര്‍ ജാമ്യം അനുവദിക്കണം – ദിവ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കി.
അതേസമയം, പിപി ദിവ്യയുടെ ജാമ്യ ഹർജിയിൽ നവീൻ ബാബുവിന്റെ കുടുംബം കക്ഷിചേരും. നാളെത്തന്നെ നടപടികൾ തുടങ്ങുമെന്നും കണ്ണൂർ കലക്ടറുടെ കത്തിൽ തൃപ്തരല്ലെന്നും കുടുംബം അറിയിച്ചു.
കണ്ണൂർ കലക്റ്ററുടെ അനുശോചന വാക്കുകൾ ആവശ്യമില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം അറിയിച്ചതായി ജോയിൻ്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി അഖിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സബ് കളക്ടറുടെ കൈവശം കവറിൽ കൊടുത്തുവിട്ട കത്തിൽ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞതായി അഖിൽ പറഞ്ഞു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കത്തിൽ അതൃപ്തയാണ്. കത്തിൽ വിഷയങ്ങളൊന്നും സൂചിപ്പിച്ചിട്ടില്ല. കളക്ടറുടെ വ്യക്തിപരമായ അനുഭവങ്ങൾ സൂചിപ്പിച്ചു എന്നല്ലാതെ മറ്റൊന്നുമില്ല. കത്തിനെ ഗൗരവമായി കാണുന്നില്ല. ഓൺലൈൻ ചാനലിനെ വിളിച്ച് ഇത്തരത്തിൽ പരിപാടി നടത്തിയതിൽ കളക്ടർ ഇടപെട്ടില്ല. ഇടപെടാമായിരുന്നിട്ടും ഇടപെട്ടില്ലെന്നും കത്തിനെ ഗൗരവമായി കാണുന്നില്ലെന്നും ഭാര്യ അറിയിച്ചതായും ജി അഖിൽ പറഞ്ഞു.