ചെന്നൈ: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട പരിപാടികൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷാധിഷ്ഠിത പരിപാടികൾ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ചെന്നൈ ദൂരദർശൻ്റെ സുവർണ ജൂബിലിയും ഒക്ടോബർ 18ന് ഹിന്ദി മാസാചരണത്തിന്റെ സമാപനവും സംയുക്തമായി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ചെന്നൈ ദൂരദർശൻ്റെ സുവർണജൂബിലി ആഘോഷത്തോടൊപ്പം ഹിന്ദി മാസാചരണവും നടത്തുന്നതിനെ ശക്തമായി അപലപിക്കുന്നതായി സ്റ്റാലിൻ അറിയിച്ചു.
രാജ്യത്ത് ദേശീയ ഭാഷാ പദവി ഒരു ഭാഷയ്ക്കും ഇല്ല. ഇത്തരം പരിപാടികള്‍ നടത്തുന്നത് പ്രാദേശിക ഭാഷകളെ ഇകഴ്ത്തിക്കാട്ടാനാണെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ വേണ്ടവിധത്തില്‍ ബഹുമാനിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇന്ത്യന്‍ ഭരണഘടന ഹിന്ദി ഉള്‍പ്പെടെ ഒരു ഭാഷയും ദേശീയ ഭാഷയായി കണക്കാക്കുന്നില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇത്തരം പരിപാടികള്‍ നടത്തണമെന്ന് നിര്‍ബന്ധമാണെങ്കില്‍ പ്രാദേശിക ഭാഷകളെ സമാന പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാട്ടുന്ന പരിപാടികളും ആസൂത്രണം ചെയ്യേണ്ടതാണെന്നും സ്റ്റാലിന്‍ കത്തില്‍ സൂചിപ്പിച്ചു. തന്റെ എക്‌സ് പോസ്റ്റില്‍ സ്റ്റാലിന്‍ ഈ കത്ത് പങ്കുവച്ചിട്ടുമുണ്ട്.