ഗസ്സ സിറ്റി: യഹ്‌യ സിൻവാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. പുതിയ മേധാവിയെ ഉടൻ പ്രഖ്യാപിക്കുമെന്നും ഹമാസ് അറിയിച്ചു. റഫയിലെ ഒരു കെട്ടിടത്തിനു നേരെ നടത്തിയ ആക്രമണത്തിൽ സിൻവാർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ അവകാശവാദം ഉന്നയിച്ചിരുന്നു. സിൻവാറിന് പുറമെ മറ്റു മൂന്ന് ഹമാസ് നേതാക്കളെ വധിച്ചെന്നും ഇസ്രായേൽ പറഞ്ഞിരുന്നു.
ഡിഎൻഎ പരിശോധനയിൽ കൊല്ലപ്പെട്ടത് സിൻവാർ തന്നെയാണു സ്ഥിരീകരിച്ചെന്നാണ് ഇസ്രായേൽ സൈന്യം പറഞ്ഞിരുന്നത്. ഒക്ടോബർ ഏഴ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് സിന്‍വാറിനെ ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. ഒക്ടോബര്‍ ഏഴിനുശേഷമുള്ള ആക്രമണം നേരിട്ടു നയിക്കുന്നത് സിന്‍വാറാണ്. കഴിഞ്ഞ ജൂലൈ 31ന് ഇറാനിൽ ഇസ്മായിൽ ഹനിയ്യ കൊല്ലപ്പെട്ട ശേഷമാണ് അദ്ദേഹം ഹമാസ് നേതൃത്വം ഏറ്റെടുക്കുന്നത്.
അതേസമയം, യഹ്‌യ സിൻവാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് പിന്നാലെ ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് ആയുധം ഉപേക്ഷിച്ച് മടങ്ങാൻ സമ്മതിച്ചാൽ യുദ്ധം ഉടൻ അവസാനിക്കുമെന്ന് നെതന്യാഹു പറഞ്ഞു. എക്‌സിൽ പങ്കിട്ട വീഡിയോയിലൂടെയായിരുന്നു നെതന്യാഹുവിൻറെ പ്രതികരണം.
“യഹ്‌യ സിൻവാർ മരിച്ചു. ഇസ്രായേൽ പ്രതിരോധ സേനയിലെ ധീരരായ സൈനികരാൽ റാഫയിൽ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടു. ഗാസയിലെ യുദ്ധത്തിൻ്റെ അവസാനമല്ല ഇത്, അവസാനത്തിൻ്റെ തുടക്കമാണ്. ഗാസയിലെ ജനങ്ങളേ, എനിക്ക് ഒരു സന്ദേശമുണ്ട്, ഈ യുദ്ധം നാളെ അവസാനിച്ചേക്കാം. ഹമാസ് ആയുധം താഴെ വെച്ച് നമ്മുടെ ബന്ദികളെ തിരിച്ചയച്ചാൽ ഈ യുദ്ധം നാളെ അവസാനിക്കും”, നെതന്യാഹു പറഞ്ഞു.