Sports

ടെസ്റ്റില്‍ 9000 റൺസ് പിന്നിട്ട് കോഹ്‌ലി; നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യക്കാരൻ

ബംഗളൂരു: ടെസ്റ്റ് ക്രിക്കറ്റിൽ 9000 റൺസ് നാഴികകല്ല് പിന്നിട്ട് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിലാണ് കോഹ്‌ലി നേട്ടം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ മൂന്നാമനായി ബാറ്റിങ്ങിനിറങ്ങിയ കോലി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് 9000 റണ്‍സ് തികച്ചത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോലി മൂന്നാമനായി ബാറ്റിങ്ങിനിറങ്ങുന്നത്.

116-ാം ടെസ്റ്റ് മത്സരം കളിക്കുന്ന താരം 197 -ാമത്തെ ഇന്നിങ്സിലാണ് ഈ നേട്ടത്തിലെത്തിയത്. ടെസ്റ്റിൽ 9000 റൺസ് പിന്നിടുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് കോഹ്‌ലി. സച്ചിൻ ടെണ്ടുൽക്കർ (15921), രാഹുൽ ദ്രാവിഡ് (13265), സുനിൽ ഗവാസ്‌കർ (10122) എന്നിവരാണ് വിരാടിന് മുന്നിലുള്ള ഇന്ത്യക്കാർ.

ബംഗൂളുവിലെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഡക്കിന് പുറത്തായ കോഹ്ലി രണ്ടാം ഇന്നിങ്സിൽ 70 റൺസെടുത്താണ് പുറത്തായത്. മൂന്നാംദിനം കിവീസിനെ 402 റൺസിന് പുറത്താക്കിയ ഇന്ത്യ സ്റ്റമ്പെടുക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് എന്ന നിലയിലാണ്. കോഹ്ലിയെ കൂടാതെ ഓപണർ യശ്വസ്വി ജയ്സ്വാൾ (35), അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ (52) എന്നിവരാണ് പുറത്തായത്. 70 റൺസുമായി സർഫറാസ് ഖാനാണ് ക്രീസിൽ.

ഇന്ത്യന്‍ ജഴ്‌സിയില്‍ കോലിയുടെ 536-ാം മത്സരമാണിത്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ കളിച്ച (664) സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. എംഎസ് ധോനി 535 മത്സരങ്ങളാണ് കളിച്ചത്.