Kerala

നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം; ടി.വി പ്രശാന്തന്‍റെ മൊഴിയെടുത്ത് പോലീസ്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി പ്രശാന്തന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ ടൗൺ സിഐ ആണ് മൊഴിയെടുത്തത്. പെട്രോൾ പമ്പിന് അംഗീകാരം ലഭിക്കാന്‍ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രശാന്തന്റെ ആരോപണം.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ജീവനക്കാരനായ പ്രശാന്തന്‍, ശ്രീകണ്ഠപുരം നെടുവാലൂരില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ പെട്രോള്‍ പമ്പ് തുടങ്ങാനാണ് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, ഇതിന് എന്‍ ഒ സി ലഭിക്കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് നവീന്‍ ബാബു ആവശ്യപ്പെട്ടുവെന്നാണ് പരാതി.

ഇക്കാര്യം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയോട് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും ഇതുപ്രകാരം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രശാന്ത് പറയുന്നു.

നവീൻ ബാബു 91,500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രശാന്തന്‍റെ ആരോപണം. എഡിഎം നവീൻ ബാബുവിന്റെ യാത്രായയപ്പ് ചടങ്ങിൽ ഇക്കാര്യം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.