തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, അടുത്ത അഞ്ചുദിവസത്തേക്ക് ഒരു ജില്ലകളിലും പ്രത്യേക മഴമുന്നറിയിപ്പ് നല്കിയിട്ടില്ല.
മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കുകയും തുടർന്നുള്ള ദിവസങ്ങളിൽ ഇന്ത്യൻ തീരത്തു നിന്ന് അകന്നുപോകാനും സാധ്യതയുണ്ട്.
വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ഞായറാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ മധ്യ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദമായും തുടർന്ന് വ്യാഴാഴ്ചയോടെ തീവ്രന്യൂനമർദമായും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് ഒരാഴ്ച മഴയ്ക്ക് സാധ്യത.
അതേസമയം, കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്ന് മധ്യ കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ശനിയാഴ്ച മധ്യകിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.